തൊടുപുഴ: മെച്ചപ്പെട്ട വില ലഭിക്കുമ്പോൾ വിൽക്കാൻ തേയിലയില്ലാത്ത ഗതികേടിലാണ് ചെറുകിട കർഷകർ. പ്രതീക്ഷയേകി പച്ചകൊളുന്തിന്റെ വില കിലോയ്ക്ക് 19 രൂപയായി തുടരുകയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ കർഷകർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വിലയാണിത്. എന്നാൽ 40 ശതമാനത്തിന്റെ ഇടിവാണ് തേയില ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഞ്ഞിലും വേനൽ ചൂടിലും കൊളുന്ത് കരിഞ്ഞ് പോയതാണ് ഉത്പാദനം കുത്തനെ ഇടിയാൻ കാരണം. ഉത്പാദനം കുറഞ്ഞതോടെ മാർക്കറ്റിൽ പച്ചകൊളുന്തിന്റെ വിലയും ഉയർന്നു. ചെറുകിട തേയില കർഷകരുടെ സമരത്തെ തുടർന്ന് അടുത്ത കാലത്ത് ടീ ബോർഡ് സ്വീകരിച്ച നടപടികളാണ് വില ഉയരാൻ പ്രധാന കാരണം. പച്ചക്കൊളുന്തിന് ഓരോ മാസവും തറവില നിശ്ചയിച്ച് കുറഞ്ഞ വില ഇത്രയായിരിക്കന്നമെന്ന് ടീ ബോർഡ് സർക്കുലറിലൂടെ ഫാക്ടറികൾക്ക് നിർദേശം നൽകിവരികയാണ്. ചെറുകിട തേയില കർഷകർ ജില്ലയിൽ കഴിഞ്ഞ ഡിസംബറിൽ ശരാശരി മൂന്ന് മുതൽ നാലു ലക്ഷം കിലോ കൊളുന്ത് വരെ ഓരോ ദിവസവും ഉത്പാദിപ്പിച്ചിരുന്നു. ഫെബ്രുവരിയായതോടെ ഇതിൽ 40 ശതമാനത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ സീസണിൽ ആറ് മുതൽ ഏഴ് ലക്ഷം കിലോ വരെ ഉത്പാദിപ്പിച്ചിരുന്നു.
തേയിലപ്പൊടിക്ക് വൻ ഡിമാൻഡ്
ആഭ്യന്തര മാർക്കറ്റിൽ തേയിലപൊടിയുടെ വില ഉയർന്നുതന്നെ നിൽക്കുകയാണ്. തേയില പൊടിക്ക് ഗുണനിലവാരമനുസരിച്ച് കിലോഗ്രാമിന് 30 രൂപ മുതൽ 200 രൂപയുടെ വരെ വർദ്ധനവുണ്ടായി.
ഗുണമേന്മയുള്ള തേയില കൊളുന്ത് കൊണ്ടുചെല്ലുന്ന കർഷകർക്ക് നല്ല വില നൽകാൻ ഫാക്ടറികൾ തയ്യാറാണ്. ഇത് സമീപകാലത്തൊന്നും കൊളുന്തിന്റെ വില കുറയില്ലെന്ന പ്രതീഷയാണ് കർഷകന് നൽകുന്നത്.
ഉത്പാദന ചെലവ് കൂടി
കേരളത്തില്‍ ഉത്പാദന ചെലവ് കൂടിയതും പ്രശ്‌നമാകുന്നതായി ടീ ട്രേഡ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാടിനേക്കാള്‍ 30 ശതമാനം അധികകൂലിയും കേരളത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ 140 ശതമാനം കൂലി കൂടുതലാണ് നല്‍കുന്നത്. കേരളത്തില്‍ പല തേയില ഫാക്ടറികളും പ്രതിസന്ധി നേരിടുന്നതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതി കൂടി
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇക്കുറി ഉത്പാദനം കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 68.5 ലക്ഷം കിലോയും കര്‍ണാടകയില്‍ രണ്ട് ലക്ഷം കിലോയുമാണ് കുറവ്. ഉത്പാദനം കുറഞ്ഞെങ്കിലും ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി കൂടിയിട്ടുണ്ട്. കയറ്റുമതി 10 ശതമാനമാണ് കൂടിയത്. ഇക്കുറി ദക്ഷിണേന്ത്യയില്‍ നിന്ന് കയറ്റി അയച്ചത് 9.7 കോടി കിലോ തേയിലയാണ്. പോയ വര്‍ഷത്തെക്കാള്‍ 92 ലക്ഷം കിലോ അധികമാണിത്.
ഉത്പാദനം കുറയുകയും കയറ്റുമതി കൂടുകയും ചെയ്തതോടെ ദക്ഷിണേന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്ന തേയിലയുടെ അളവ് കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5 കോടി കിലോയുടെ കുറവാണുണ്ടായത്.