തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല വാർഡിനെ ഹരിതകേരളം വിഭാവനം ചെയ്യുന്ന ഹരിതഗ്രാമമാക്കാനുള്ള ഗൃഹസന്ദർശന വിവരശേഖരണ പരിപാടിക്ക് പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കമിട്ടു. മൂന്നാം വാർഡിലെ 12 വീടുകളിൽ എം.എൽ.എയെത്തി ഹരിതഗ്രാമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. മാരിപ്പാട്ടെ അപ്പച്ചന്റെ വീട്ടിൽ പ്രഭാത ഭക്ഷണത്തോടെയാണ് ഗൃഹസന്ദർശന പരിപാടി ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സർവേ ഫോറം ഉപയോഗിച്ച് വഴിത്തല ശാന്തിഗിരി കോളജിലെ വിദ്യാർത്ഥികളുടെ സ്‌ക്വാഡാണ് പഞ്ചായത്തിനും ഹരിതകേരളത്തിനും വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നത്. ഉപ്പുകണ്ടത്തിൽ ടോസ് തോമസിന്റെ വീട്ടിൽ നിന്നാണ് എം.എൽ.എ വിവരശേഖരണത്തിന് തുടക്കമിട്ടത്. പാൽ, പഴം, പച്ചക്കറി, മുട്ട, ഇറച്ചി, മത്സ്യം എന്നിവ വീട്ടിൽ തന്നെയുണ്ടാക്കി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സമ്മിശ്രക്കൃഷിയിലൂടെ വരുമാനം ഇരട്ടിയാക്കണമെന്നും പി.ജെ. ജോസഫ് നിർദ്ദേശിച്ചു. ഇനിയുള്ള കാലം റബർ കൊണ്ട് മാത്രം ജീവിക്കാനാവില്ല. റംബൂട്ടാൻ അടക്കമുള്ളവ കൃഷിചെയ്താൽ തെറ്റില്ലാത്ത വരുമാനം ഉറപ്പാക്കാം. ഭൂഗർഭ ജലസംരക്ഷണത്തിന് പ്രാധാന്യം നൽകാൻ എല്ലാവരും ശ്രദ്ധിക്കണം. റീച്ചാർജ്ജിംഗിലൂടെ മഴവെള്ളത്തെ പ്രയോജനപ്പെടുത്തി കിണറിൽ ജലസമൃദ്ധിയുണ്ടാക്കാം. പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിയാതെ ഹരിതകർമ്മ സേനയെ ഏൽപ്പിക്കണം. അതുപോലെ ബയോഗ്യാസ് പ്ലാന്റുകളും ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങളും എല്ലാ വീടുകളിലുമൊരുക്കണമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വാർഡ് മെമ്പർ സിനി ജസ്റ്റിൻ, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു തുടങ്ങിയവരും ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. പത്ത് ദിവത്തിനുള്ളിൽ വിവരശേഖരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 285 വീടുകളാണ് പഞ്ചായത്തിലുള്ളത്.