ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന ജനമഹായാത്രയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12 ന് ചെറുതോണിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകും. ഇടുക്കി, കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചെറുതോണിയിൽ സ്വീകരണം നൽകുന്നത്. കാസർകോഡ് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണത്തിൽ ദുഃഖം രേഖപ്പെടുത്തി വാദ്യമേളങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. പ്രളയത്തിൽ തകർന്നടിഞ്ഞ ചെറുതോണി പുഴയുടെ മറുകരയിൽ നിന്ന് സ്വാഗതസംഘം ഭാരവാഹികളും നേതാക്കളും ചേർന്ന് ജാഥയെ സ്വീകരിക്കും. തുറന്ന വാഹനത്തിൽ വേദിയിലെത്തിച്ചേരുന്ന കെ.പി.സി.സി പ്രസിഡന്റ് രക്തസാക്ഷി ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തും. സ്വീകരണസമ്മേളനത്തിൽ ജാഥാംഗങ്ങളായ കെ. സുധാകരൻ, കൊടികുന്നിൽ സുരേഷ് എം.പി, ബെന്നി ബെഹ്നാൻ, ലാലി വിൻസെന്റ്, മൺവിള രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഇബ്രാഹിംകുട്ടി കല്ലാർ, എം.ടി. തോമസ്, ഇ.എം. ആഗസ്തി, പി.ടി. തോമസ് എം.എൽ.എ, ജോയി തോമസ്, റോയി കെ. പൗലോസ് എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽകൺവീനർ എ.പി. ഉസ്മാൻ, കൺവീനർമാരായ ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി എന്നിവർ അറിയിച്ചു.