കട്ടപ്പന: തദ്ദേശ സ്ഥാപനങ്ങളുടെ കരാർപ്രകാരം നിർമാണം പൂർത്തീകരിച്ചിട്ടും ബില്ലുകൾ മാറി നൽകാത്തതിൽ പ്രതിഷേധിച്ച് ഗവ. കോൺട്രാക്ടർമാരുടെ സംയുക്തസമിതി കട്ടപ്പന സബ് ട്രഷറിക്കു മുമ്പിൽ ധർണ നടത്തി.
കരാർ എടുത്തതിന് ശേഷം നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നിട്ടും വായ്പവാങ്ങിയാണ് കോടിക്കണക്കിനു രൂപയുടെ നിർമാണം പൂർത്തീകരിച്ചത്. സാമ്പത്തിക വർഷാവസാനം ബില്ല് മാറി പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങുന്നത്. എന്നാൽ ഇത്തവണ അപ്രഖ്യാപിത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ബില്ലുകൾ തടഞ്ഞിരിക്കുകയാണ്. ഇതോടെവാങ്ങിയ കടം കൊടുത്തുതീർക്കാനാവില്ലെന്നു മാത്രമല്ല, തുടങ്ങി വച്ച പുതിയ പദ്ധതികൾ പൂർത്തീകരിക്കാനുമാവാത്ത സ്ഥിതിയാണെന്ന് കരാറുകാർ പറയുന്നു.
ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച പ്രകടനം ട്രഷറിക്കു മുമ്പിൽ സമാപിച്ചു. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൽ.സി ജോൺസൺ, നേതാക്കളായ കെ.പി അബ്ദുൾ കരീം, ജോസഫ് വർക്കി, ബെന്നി കോഴിമല, കെ.എ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.