കട്ടപ്പന : കാർഷിക- ക്ഷേമ- കരുതൽ പദ്ധതികൾക്ക് ഊന്നൽ നൽകി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 2019 -20 സാമ്പത്തിക വർഷത്തേക്ക് 76.23 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.76.23 കോടി രൂപയുടെ വരവും 75.96 കോടി രൂപ ചെലവും 26.5 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റ് സമ്മേളനത്തിന് പ്രസിഡന്റ് സാലി ജോളി അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ പരിസരം - ആരോഗ്യ ജീവിതം - ആരോഗ്യ ഭക്ഷണം എന്നിവ മുൻനിറുത്തി പാലിയേറ്റീവ്, ഭിന്നശേഷി കുട്ടികൾക്ക് സ്‌കോളർഷിപ്പ് ഉൾപ്പെടെ സാന്ത്വനം എന്ന പേരിലുള്ള വിവിധ പദ്ധതികൾക്കായി 90 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
കലകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനത്തിനായി 3 ലക്ഷം രൂപ, വനിതാ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന് 66.54 ലക്ഷം രൂപ, വൃക്കരോഗികൾക്ക് ഡയാലിസിസ് ധനസഹായം 25 ലക്ഷം രൂപ, സി എച്ച് സി കളുടെ പുനരുദ്ധാരണത്തിന് 56 ലക്ഷം രൂപ, പൊതു സാനിട്ടറി കോംപ്ലക്‌സുകൾക്ക് 30 ലക്ഷം രൂപ തുടങ്ങിയ പ്രധാനപദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന് ഇടപെടാവുന്ന എല്ലാ മേഖലകളിലും ക്ഷേമവും വികസനവും ഉറപ്പാക്കിയുള്ള പദ്ധതികൾ ഉൾക്കൊള്ളുന്ന ബജറ്റാണ് കട്ടപ്പനബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി പറഞ്ഞു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ബി. ധനേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പച്ചപ്പ് എന്ന പേരിൽ കാർഷിക മേഖലയിൽ നൂതനപദ്ധതിയും ലൈഫ് ഭവന പദ്ധതിക്ക് കരുതൽ എന്നപേരിൽ മറ്റൊരു പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘങ്ങൾക്ക് യന്ത്രോപകരണങ്ങൾ നൽകുന്നതിന് 17.68 ലക്ഷം രൂപ, വനിതാ സ്വയംസഹായ സംഘങ്ങൾക്ക് പച്ചക്കറി കൃഷിക്ക് കൂലി ചെലവ് ഇനത്തിൽ 5.96 ലക്ഷം രൂപയുടെ സഹായം, ക്ഷീരമേഖലയ്ക്ക് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് പച്ചപ്പിന് ബജറ്റിൽ പണം വകയിരുത്തിയിട്ടുള്ളത്. 'കരുതൽ'. ലൈഫ് ഭവനപദ്ധതിക്കായി പൊതു വിഭാഗത്തിന് 13.32 കോടി രൂപയും പട്ടികജാതി വിഭാഗത്തിന് നാല് കോടിയും പട്ടികവർഗ വിഭാഗത്തിന് 3.32 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കേരളത്തിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് സ്വന്തം വീടിനോട് ചേർന്നൊരു പഠനമുറി എന്ന പദ്ധതിക്കായി രണ്ട് ലക്ഷം രൂപ നിരക്കിൽ 44 ലക്ഷം രൂപ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്.