തൊടുപുഴ: പതിവുപോലെ ഈ വർഷവും മണക്കാട് പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ പെരിയാമ്പ്ര, മണ്ണപ്പാഞ്ചേരി, ഇരിവിപ്പാറ എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവർ ജില്ലാ ആശുപത്രിയിലും തൊടുപുഴ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മണക്കാട് പി.എച്ച്.സിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. ക്യാമ്പിനിടയിലാണ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്. പുറപ്പുഴ പി.ച്ച്.സിയിൽ നിന്നുള്ള ലാബ് സൗകര്യമുപയോഗിച്ച് ഇതുവരെ ആറ് ക്യാമ്പുകളാണ് നടത്തി. നാളെ കൈപ്പിള്ളിയിലും ഇരിവിപ്പാറയിലും ക്യാമ്പുകൾ വച്ചിട്ടുണ്ട്. സ്ഥിരമായി ഹെപ്പറ്റൈറ്റിസ് ബി റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് കാർഡുകളും രോഗം വരാതിരിക്കാനുള്ള വാക്സിനുകളും മണക്കാട് പി.എച്ച്.സിക്ക് സർക്കാർ നൽകിയിട്ടുണ്ട്.

എല്ലാ വർഷവും മണക്കാട് പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് ബി റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ 6 പേർക്ക് രോഗം സ്ഥരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്ന് പ്രത്യേക സംഘമെത്തി ഇവിടെ പഠനം നടത്തിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായില്ല.

മഞ്ഞപ്പിത്തം അഞ്ച് തരം

അഞ്ച് തരം മഞ്ഞപ്പിത്തമാണുള്ളത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ. ഇതിൽ ബി, സി എന്നിവ ഗുരുതര കരൾ രോഗങ്ങൾക്കും മരണത്തിനും വരെയിടയാക്കും.

രോഗലക്ഷണങ്ങൾ

എല്ലാ വൈറസ് മഞ്ഞപ്പിത്തങ്ങളുടെയും രോഗലക്ഷണങ്ങൾ ഒരുപോലെയാണ്. ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകും. മൂത്രം കടുത്ത മഞ്ഞനിറത്തിലാകുകയും ശരീരത്തിൽ സ്വമേധയാ ചെറിയ മുറിവുകളിലൂടെ ചിലപ്പോൾ വളരെ മിതമായി രക്തസ്രാവമുണ്ടാകാം. നല്ലൊരു ശതമാനം പേരിലും ചോറിച്ചിലും അനുഭവപ്പെടും.

രോഗകാരണം

ഹെപ്പറ്റൈറ്റിസ് ബി ഒരു ഡി.എൻ.എ വൈറസ് ആണ്. അത് രക്തത്തിലൂടെയും മറ്റു ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്. വായു, ജലം, ഭക്ഷണം, സാധാരണ ഇടപഴകൽ, കീടങ്ങൾ എന്നിവയിലൂടെ ഈ രോഗം പകരില്ല.

രോഗം പിടിപെടുന്നത്

-ആരോഗ്യകേന്ദ്രങ്ങളിൽ രക്തവുമായി അടുത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന്

- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ
- അണുവിമുക്തമാക്കാതെയുള്ള സൂചി, സിറിഞ്ച് എന്നിവയുടെ ഉപയോഗം വഴി.
- മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഒരേ സൂചി പങ്കുവയ്ക്കുമ്പോൾ
- അണുവിമുക്തമാക്കാതെയുള്ള പച്ചകുത്തൽ
- രോഗബാധിതയായ മാതാവിൽ നിന്നും കുഞ്ഞിലേയ്ക്ക്

- ഒരാളുടെ ഷേവിങ് സെറ്റ്, ബ്ലെയ്ഡുകൾ തുടങ്ങിയവ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം രണ്ട് ക്യാമ്പുകൾ വീതം നടത്തി നൂറോളം പേർക്ക് വാക്സിനുകൾ നൽകുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ മാത്രം എല്ലാ വർഷവും ഹെപ്പറ്റൈറ്റിസ് ബി പിടിപെടുന്നത് കൃത്യമായി ഇതുവരെ കണ്ടെത്താനായിട്ടില്ല

- സുമേഷ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മണക്കാട് പി.എച്ച്.സി )