കുമളി: രാഷ്ട്രീയ കൊലപാതകങ്ങളും കൃത്രിമ പ്രളയവുമായി എഴുപതിലധികം മനുഷ്യജീവനുകൾ അപഹരിച്ച പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾക്ക് ചോരയുടെ ഗന്ധമാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയുടെ ഭാഗമായി കുമളിയിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഈ സർക്കാർ അധികാരത്തിലേറിയതിനുശേഷം സംസ്ഥാനത്ത് 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതിനുപുറമെ സർക്കാരിന്റെ പിടിപ്പുകേടുമൂലമുണ്ടായ മഹാപ്റളയത്തിൽ നിരപരാധികളെ മുക്കിക്കൊന്നു. ആയിരം ദിനങ്ങൾക്കൊണ്ട് പതിനേഴാം നൂറ്റാണ്ടിൽ നില നിന്നിരുന്ന നരബലി തിരിച്ചുകൊണ്ടുവരാനായെന്നല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ല. ദേവികുളം സബ്കളക്ടർ രേണു രാജിനെ അടിച്ചൊതുക്കാൻ ശ്രമിച്ചതിലൂടെ അഴിഞ്ഞുവീണത് ഈ സർക്കാരിന്റെ സ്ത്രീസമത്വമെന്ന കപടമുഖമാണ്.സംസ്ഥാനത്തെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത നയങ്ങളാണ് പിണറായി - കോടിയേരി സഖ്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യം കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള നടപടികൾ സ്വീകരിക്കും. ജനങ്ങൾ ഭരണമാറ്റമാഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകളാണ് സർക്കാരിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെന്നും അദേഹം പറഞ്ഞു.