തൊടുപുഴ: സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനെ നിർഹിച്ചു. ആധുനികവത്ക്കരണത്തോടെ രെജിസ്‌ട്രേഷൻ വകുപ്പ് അഴിമതി രഹിത മേഖല ആയി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് രെജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ജില്ലാ റെജിസ്ട്രർ ഓഫീസ് പരിസരത്തു നടന്ന പൊതുപരിപാടിയിൽ പി.ജെ. ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒരു കോടി 22 ലക്ഷം രൂപ മുതൽമുടക്കി ഒരു വർഷം കൊണ്ടാണ് പുതിയ മന്ദിരം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലാ റെജിസ്ട്രർ ഗോപകുമാർ, തൊടുപുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജെസ്സി ആന്റണി, വൈസ് ചെയർമാൻ സി കെ ജാഫർ, സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമൾ, സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി. ജോയ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തൊടുപുഴ മണ്ഡലം പ്രസിഡന്റ് പി.എൻ. സീതി തുടങ്ങിയവർ സംസാരിച്ചു.