ഇടുക്കി : ജില്ലയുടെ സമഗ്ര മേഖലയുടെയും പുരോഗതി ലക്ഷ്യമാക്കി നിയമസഭയിൽ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സംബന്ധിച്ച് ജില്ലാതല സെമിനാർ ഇന്ന് ഉച്ചതിരിഞ്ഞ് 3ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിലെ മന്ത്രിസഭ 1000 ദിനാഘോഷത്തിന്റെ വേദിയിൽ നടക്കും. സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ പ്രൊഫ. ആർ.രാമകുമാർ വിഷയാവതരണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ഊന്നൽ നൽകുന്നതും വിനോദസഞ്ചാരം, അടിസ്ഥാന മേഖലാ വികസനം, തോട്ടം മേഖലയുടെ പുനരുദ്ധാരണം, കാർഷിക അനുബന്ധ മേഖലകളിലെ വിവിധ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച് സെമിനാറിൽ ചർച്ച ചെയ്യും.