അടിമാലി:കാത്തിരിപ്പിന് വിരാമമിട്ട് അടിമാലി ഗ്രാമപഞ്ചായത്തിലെ ഭവനരഹിതർക്ക് കിടപ്പാടമാകുന്നു.ഏറെ നാളത്തെ പ്രതീക്ഷകൾക്കൊടുവിലാണ് നിർമ്മാണം പൂർത്തീകരിച്ച അടിമാലി മച്ചിപ്ലാവിലെ ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 165 ഭവനരഹിതർക്ക് ഫറ്റിൽ കിടപ്പാടമൊരുക്കും.ജനനി പദ്ധതിക്കായി തൊഴിൽവകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയായിരുന്നു ഫ്ലാറ്റ് നിർമ്മിച്ചത്.പിന്നീട് ലൈഫ് പദ്ധതിക്കായി കെട്ടിടം ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറി.കഴിഞ്ഞ ഏതാനും നാളുകളായി കെട്ടിടത്തിന്റെ ശേഷിക്കുന്ന ജോലികൾ നടന്നു വരികയായിരുന്നു.ഇത് പൂർത്തീകരിച്ച സാഹചര്യത്തിലാണ് കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രഖ്യാപിച്ചത്.25ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്ദീൻ ഉദ്ഘാടനം നിർവഹിക്കും.എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ താക്കോൽ ദാനം നടത്തും.ഇടുക്കി എം.പി അഡ്വ.ജോയ്സ് ജോർജ്ജ്,ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ മുഖ്യാതിഥികളാകും. 400 ചതുരശ്ര അടി വിസ്തീർണമുള്ള 216 അപ്പാർട്ടുമെന്റുകളാണ് ഫ്ലാറ്റ് സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്.ആദ്യഘട്ടത്തിൽ 165 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ വിതരണം ചെയ്യും.പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയിലാണ് ഭവനരഹിതർക്ക് തലചായ്ക്കാൻ കിടപ്പാടമൊരുക്കുന്നത് .ഉദ്ഘാടനത്തോടെ ഇതുമായി ബന്ധപ്പെട്ട് ദീർഘനാളായി നിലനിന്നിരുന്ന ആരോപണങ്ങൾക്കും വിരാമമാകും.