കുമളി:അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയെയും പ്രധാന കവാടമായ കുമളിയെയും അലട്ടിയിരുന്ന പ്രധാന പ്രശ്നത്തിന് ഇന്ന് മുതൽ പരിഹാരമാകും.പതിവായുള്ള വെെദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു.33 കെ.വി സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കുമളി ,ചക്കുപള്ളം പഞ്ചായത്തിലെ ഉപഭോക്താക്കൾക്ക് ഗുണകരമാകും.ഇതിലൂടെ പ്രസരണ നഷ്ടംകുറച്ച് ആവശ്യാനുസരണം തടസം കൂടാതെ വൈദ്യുതി എത്തിക്കാനാകും. ഇന്ന് ഉച്ചയ്ക് 2 ന് കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഇ.എസ്.ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വെെദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.
ജോയ്സ് ജോർജ്ജ് എം.പി. മുഖ്യാഥിതിയാകും.
ദീന ദയാൽ ഉപാദ്ധ്യായ ഗ്രാമീണ ജ്യോതി യോജനയിൽ ഉൾപ്പെടുത്തി കേന്ദ്ര സഹായത്തോടെയാണ് സബ് സ്റ്റേഷന്റെ നിർമ്മാണം. 656 ലക്ഷം രൂപ ഭരണാനുമതി ലഭിച്ച പദ്ധതിൽ നിർമ്മാണത്തിനായി 320 ലക്ഷം രൂപയും ലെെനിന്റെ നിർമ്മാണത്തിനായി 280 രൂപയും ചെലവായി.വണ്ടിപ്പെരിയാർ 66 കെ.വി ലെെനിന്റെ പണികൾക്കായി ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും 220 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.
കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വന്തമായി വാങ്ങിയ 0.36 ഹെക്‌ടർ സ്ഥലത്താണ് സബ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്.നിലവിൽ വണ്ടിപ്പെരിയാർ 66 കെ.വി സബ്സ്റ്രേഷനിൽ 16 എം.വി.എ ശേഷിയുളള 66/33 കെ.വി ട്രാൻഫോർമർ സ്ഥാപിച്ച് അവിടെ നിന്നും 17 കിലോമീറ്റർ ദെെർഘ്യമുളള 33 കെ.വി ഒാനർഹെഡ് ലെെൻ വഴിയാണ് അട്ടപ്പളളം സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്.ഇവിടെ സ്ഥാപിച്ചിട്ടുളള 5 എം.വി.എ ശേഷിയുളള രണ്ട് 33/11 കെ.വി ട്രാൻസ്ഫോർമറുകളിൽ നിന്നും നാല് 11 കെ.വി ഫീഡറുകളിലൂടെയാണ് വെെദ്യുതി വിതരണം നടത്തുന്നത്.