തൊടുപുഴ: 'നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന ആശയം ഉയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് തൊടുപുഴയിൽ ആവേശകരമായ സ്വീകരണം. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്ന ഇടുക്കി ജില്ലയിലെ സമാപനസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ നിന്ന് ഇതുവരെ വിമുക്തരാകാത്ത ഇടുക്കിയെക്കുറിച്ച് ബഡ്ജറ്റിൽ ഒരു വാക്ക് പോലും പറയാൻ ധനമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ 5000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഏത് പദ്ധതിയാണെന്നറിയില്ല,പ്രഖ്യാപനം വാക്കിൽ ഒതുങ്ങി. കിടപ്പാടം നഷ്ടമായവർക്ക് ആറ് മാസം കഴിഞ്ഞിട്ടും ഒരു വീട് പോലും തീർത്തുകൊടുക്കാനായില്ല. ഇത്തരം പ്രശ്നനങ്ങൾ രൂക്ഷമായിരിക്കുമ്പോഴാണ് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നാട്ടിലെ ജനങ്ങളെ മതിലുകെട്ടി തിരിക്കാൻ സർക്കാർ ഇറങ്ങിയത്. മുമ്പ് ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴങ്ങി. അതുപോലെ രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകേണ്ട സമയമാണിത്. കാസർഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ മാതാപിതാക്കൾക്കൊപ്പം കണ്ണീരണിഞ്ഞ മുല്ലപ്പള്ളിയുടേത് ഓരോ അച്ഛന്റെയും അമ്മയുടെയും മനസിൽ തട്ടുന്ന വികാരനിർഭരമായ കാഴ്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ജോസഫ് വാഴയ്ക്കൻ, സി.പി. മാത്യു, റോയ് കെ. പൗലോസ്, ലാലി വിൻസെന്റ്, കൊച്ചു ത്രേസ്യാ പൗലോസ്, ജസി ആന്റണി,ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ഇരട്ടകൊലപാതകം: പിന്നിൽ പാർട്ടി നിയോഗിച്ച വാടകക്കൊലയാളികൾ: മുല്ലപ്പള്ളി
തൊടുപുഴ: കാസർകോട്ടെ ഇരട്ടകൊലപാതകത്തിന് പിന്നിൽ പാർട്ടി നിയോഗിച്ച പരിശീലനം ലഭിച്ച വാടകകൊലയാളികളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 'നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന ആശയം ഉയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇതേ രീതിയിൽ തന്നെയാണ് ടി.പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൊലപ്പെടുത്തിയത്. ഒരു പ്രാദേശിക പാർട്ടി നേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായിട്ടില്ല. ശക്തമായ ജനരോക്ഷമുണ്ടായ സാഹചര്യത്തിൽ കേരള മനഃസാക്ഷിക്ക് മുന്നിൽ പ്രതികൂട്ടിൽ നിൽക്കുകയാണ്. കാർഷിക വിളകൾക്കുള്ള വിലയിടിവിനൊപ്പം മനുഷ്യനിർമ്മിതമായ പ്രളയം കൂടിയായപ്പോൾ ഇടുക്കിയിലെ ജനജീവിതം കൂടുതൽ ദുസഹമായെന്നും അദ്ദേഹം പറഞ്ഞു.