മറയൂർ: മറയൂർ - കാന്തല്ലൂർ നിവാസികളുടെ ദീർഘനാളത്തെ ആവശ്യവും സ്വപ്നവുമായ ഗുണനിലവാരമുള്ള റോഡ് എന്നത് യാഥാർഥ്യത്തിലേയ്ക്ക്. അന്തർ സംസ്ഥാന പാതയായ മൂന്നാർ - ഉദുമലപെട്ട റോഡിലെ മറയൂർ മുതൽ മൂന്നാർ വരെയുള്ള 40 കിലോ മീറ്ററാണ് റബറൈസ്ഡ് ചെയ്യുന്നത്. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മറയൂർ ടൗണിൽ എം.പി ജോയിസ് ജോർജ്ജും എസ്.രാജേന്ദ്രൻ എം.എൽ.എയും സംയുക്തമായി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 21.8 കോടി രൂപ വിനിയോഗിച്ചാണ് ആധുനികമായ രീതിയിൽ ഗാരന്റിയോടെ റോഡ് നിർമ്മിക്കുന്നത്. നിലവിൽ കയറ്റിറക്കങ്ങൾക്കിറയിൽ നിരവധി വളവുകളുള്ള ഈ പാതയിലെ 40 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ ഒന്നരമണിക്കൂർ വേണം.
മൂന്നാർ ടൂറിസം സർക്കിളിലെ എറ്റവും പ്രധാന ആകർഷണ കേന്ദ്രങ്ങളായ ഇരവികുളം നാഷണൽ പാർക്ക്. ലക്കം വെള്ളച്ചാട്ടം. മറയൂർ ചന്ദനക്കാടുകൾ എന്നിവടങ്ങളിൽ എത്തിച്ചേരാൻ ഏക ആശ്രയം ഈ പാതയാണ്. കൊളോണിയൽ കാലത്താണ് ഇത് നിർമ്മിച്ചത്. വിനോദ സഞ്ചാരവും ഗ്രാന്റീസ് സിൽവർ റോക്ക് മരങ്ങളുടെ വ്യാപാരവും ആരംഭിച്ചതോടെ റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വർദ്ദിച്ചു. റോഡിലെ വളവുകളും വീതികുറവും ഈ പാതയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് മടുപ്പുണ്ടാക്കി. റോഡ് മോശമായതിനാൽ സഞ്ചാരികൾ ഈ വഴി ഉപേക്ഷിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു ഈ റോഡ്
റബറൈസ്ഡ് പാതയാക്കണമെന്നത്. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.
ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ജില്ലാപഞ്ചായത്ത് അംഗം ബേബി ശക്തിവേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷാഹെൻട്രി ജോസഫ്, കാന്തല്ലൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സിറാണി, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ ആരോഗ്യദാസ്, വാർഡ് മെംബർ കെ വി ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.
മൂന്നാർ - മറയൂർ റോഡ്