മറയൂർ: ചാമ്പൽ മലയണ്ണാനും ചിന്നാറ് തന്നെ പഥ്യം.അതിനാലാകണം ഇവ ചിന്നാറിൽ ചേക്കേറിയത്.
അപൂർവയിനമായ ചാമ്പൽ മലയണ്ണാനുകൾക്ക് സാധാരണ മലയണ്ണാനേക്കാൾ അല്പം വലിപ്പം കുറവാണ്.വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായതിനാൽ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തവിട്ടുനിറം കലർന്ന ചാരനിറത്തോടുകൂടിയ ഇവയുടെ അടിവശം മങ്ങിയ വെളുപ്പു നിറമായിരിക്കും. വാലിൽ വെളുത്ത വലയങ്ങളും കാണാം.ചെവികളും തലയും കടും തവിട്ടോ കറുപ്പോ നിറമായിരിക്കും. പുഴയോരങ്ങളിൽ സമൃദ്ധമായി വളരുന്ന കാട്ടുമാവ്, നീർമരുത്, വാക, പാല, ഞാവൽ, പുളി എന്നിവയിലാണ് ഇവയുടെ വാസം.റട്ടുഫ മക്രോ റാ എന്നതാണ് ശാസ്ത്രീയനാമം. അപകട സാദ്ധ്യതയുള്ളപ്പോൾ ഇവ ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. പ്രത്യുത്പാദന സമയത്ത് ഇവയുടെ രോമത്തിന് പ്രത്യേക തിളക്കവും അടിഭാഗത്തിന് സ്വർണനിറവുമായിരിക്കും. ഈ സമയം വൻമരങ്ങളിലെ ഇടതൂർന്ന ശിഖരങ്ങൾക്കിടയിൽ ഒളിക്കാറാണ് പതിവ്.
അതിനാൽ ഇവയെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ശ്രീലങ്കയിലും ചാമ്പൽ മലയണ്ണാന്റെ മറ്റൊരു ഉപവിഭാഗത്തെ കണ്ടുവരുന്നുണ്ട്.തമിഴ്നാട്ടിലെ തേനി ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ ശ്രീവല്ലീ പൂത്തൂർ വന്യജീവി സങ്കേതം, തിരുവണ്ണാമലൈ ഡിവിഷൻ, ആനമല കടുവ സങ്കേതം, ഹോസൂർ ഫോറസ്റ്റ് ഡിവിഷൻ, കാവേരി വന്യജീവി സങ്കേതം എന്നിവിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.ഇവ ചിന്നാറിലെ സുസ്ഥിരമായതും അലോരസമില്ലാത്തതുമായ ആവാസവ്യവസ്ഥയോട് ഏറെ ഇണങ്ങി നിൽക്കുന്നതിനാലാണ് ഈ ഭാഗത്ത് തന്നെ വാസമുറപ്പിച്ചിരിക്കുന്നത്.
വന്യ ജീവി സങ്കേതത്തിലെ ചിന്നാർ, പാമ്പാർ പുഴയോരങ്ങളും അവയിൽ വന്നു ചേരുന്ന അരുവികൾ, നീർത്തടങ്ങൾ എന്നിവയും കേന്ദ്രീകരിച്ചാണ് ഇവയുടെ ആവാസവ്യവസ്ഥ. 2019 ഫെബ്രുവരി 12 മുതൽ 14 വരെ വനം വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് അന്യം നിന്നുപോകുന്ന ചാമ്പൽ മലയണ്ണാന്റെ കണക്ക് ലഭിച്ചത്.സർവേയിൽ 68 ചാമ്പൽ മലയണ്ണാൻ നേരിട്ടുള്ള സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇന്ത്യയിൽ ആകെ അഞ്ഞൂറ് ചാമ്പൽ മലയണ്ണാനുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നൂറെണ്ണം മറയൂരിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണെന്നതാണ് ചിന്നാറിനുള്ള പ്രത്യേകത.