മറയൂർ: ജനങ്ങളുടെ കുടിവെള്ളത്തിനും പതിനായിരക്കണക്കിന് ഹെക്ടറുകളിലെ കൃഷിയിടങ്ങളിൽ ജലസേചനത്തിനും വേണ്ടി ആശ്രയിക്കുന്ന പാമ്പാർ പുഴ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ഈ പുഴയിൽ നിക്ഷേപിക്കുന്നത് തുടരുകയാണ്.
മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പുഴ ഉത്ഭവിക്കുന്നത് മൂന്നാർ പഞ്ചായത്തിലെ ആനമുടി, ഗുണ്ടുമല മലഞ്ചെരുവുകളിൽ നിന്നാണ്.ഇവിടെയുള്ള തേയിലത്തോട്ട ലയങ്ങളിൽ നിന്നും മനുഷ്യവിസർജ്യം ഈ പുഴയിലേക്ക് തുറന്നു വിടുന്നതായി പരാതിയുണ്ട്. കോവിൽക്കടവ് മേഖലയിൽ പഞ്ചായത്തിന്റെ മാലിന്യം ശേഖരിക്കാൻ സൗകര്യങ്ങൾ ഉണ്ടെങ്കിലും മാലിന്യം ചീഞ്ഞുനാറി കിടക്കുകയാണ്. വന്യജീവികളുടെ മൃതദേഹാവിശിഷ്ടങ്ങൾ ദിവസങ്ങളോളം പുഴയിൽ കിടക്കുന്ന അവസ്ഥയുമുണ്ട്.
ഈ ജലമാണ് ചമ്പക്കാട് ഗോത്രവർഗ കോളനിയിലെ ജനങ്ങളും തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ ജനങ്ങളും കുടിവെള്ളമായി ഉപയോഗിക്കുന്നത്. പാമ്പാറ്റിലെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിന് അധികൃതരും തയ്യാറാവുന്നില്ലായെന്ന് നാട്ടുകാർ പറയുന്നു.