തൊടുപുഴ: അനാസ്ഥ അതിരു വിട്ടതോടെ നഗരസഭാ പാർക്കിലെ കുട്ടികളുടെ കളിയുപകരണങ്ങൾ നശിക്കുന്നു.കുട്ടികളുടെ വിനോദത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കളിക്കോപ്പുകൾ പലതും കാലപ്പഴക്കത്താൽ നശിച്ചു. ഇവയിൽ കുട്ടികൾ കളിക്കുന്നത് അപകടത്തിന് കാരണമാകുന്നു.പക്ഷേ അധികൃതർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല. ഫൈബറിൽ പൊതിഞ്ഞ് സ്ഥാപിച്ചിരിക്കുന്ന തെന്നിയിറങ്ങുന്ന സ്ലൈഡറുകളും ഊഞ്ഞാലുമെല്ലാം തകർന്നിരിക്കുകയാണ്.

പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രാഗണിന്റ ആകൃതിയിലുള്ള സ്ലൈഡറിന്റെ വശങ്ങളിൽ അപകടകരമായ വലിയ വിടവുകളാണുള്ളത്. കുട്ടികൾ ഇത് വഴി അകത്തേയ്ക്ക് കയറുമ്പോൾ വിടവിൽ വീഴാൻ സാദ്ധ്യതയുണ്ട്. കൂടാതെ പാർക്കിലെ ചാരുകസേരകളും നാശോന്മുഖമായി.കൊച്ചു കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇവിടെയെത്താറുണ്ട്.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഉപകരണങ്ങളുടെ പഴക്കവും സുരക്ഷിതത്വവും സംബന്ധിച്ച് അധികൃതർക്ക് ഒരു നിശ്ചയവുമില്ല. തൊടുപുഴ നഗരത്തിലേയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് ദിവസവും പാർക്കിൽ സായാഹ്നം െചലവിടാനെത്തുന്നത്. കാലപ്പഴക്കത്താൽ നശിക്കുന്ന കളിയുപകരണങ്ങൾ നന്നാക്കാൻ നഗരസഭ പദ്ധതികൾ ആവിഷ്ക്കരിക്കാത്തതിനാലാണ് ലക്ഷങ്ങൾ വിലയുളള കളിയുപകരണങ്ങൾ നശിക്കാൻ കാരണം