തൊടുപുഴ: ഇടുക്കി സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് (ജെ) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. 26ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. ഇടുക്കി സീറ്റിൽ യു.ഡി.എഫിലെ ഏത് പാർട്ടി മത്സരിച്ചാലും വിജയിച്ചാലും രണ്ട് സീറ്റ് ആവശ്യപ്പെടാൻ കേരളാകോൺഗ്രസ് എമ്മിന് അർഹതയുണ്ട്. അന്തിമതീരുമാനമെടുക്കേണ്ടത് യു.ഡി.എഫാണ്. തനിക്ക് മത്സരിക്കുന്നതിന് അയോഗ്യതകളൊന്നുമില്ല. കേരളാകോൺഗ്രസ് പാർട്ടികൾ ലയിക്കുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള തട്ടിപ്പാണ് ഇടുക്കി പാക്കേജ്. പ്രളയദുരന്തത്തിൽ എല്ലാം നശിച്ച കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളണം. തകർന്ന വീടുകൾ പുനർനിർമിക്കാൻ അടിയന്തര സഹായം സർക്കാർ നൽകണം. സർക്കാർ 1000 ദിനാഘോഷങ്ങൾക്കായി ചെലവഴിക്കുന്ന കോടികൾ ഇതിനായി വിനിയോഗിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി 27ന് കളക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. കാസർഗോഡ് ഇരട്ടകൊലപാതക കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.