തൊടുപുഴ: സരസ്വതി വിദ്യാഭവൻ 38-ാമത് വാർഷികവും
എ.വി. ഭാസ്‌കർജി മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനവും
തൊടുപുഴയിൽ ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബാംഗ്ലൂർ ഇൻഫോസിസിന്റെ സഹകരണത്തോടെ ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ മന്ദിരം. ഇൻഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ്‌ഗോപാലകൃഷ്ണനും സുധാഗോപാലകൃഷ്ണനും ചേർന്ന് മന്ദിരോദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ കൗൺസിലർ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭാരതി മുൻ അദ്ധ്യക്ഷൻ ഡോ. പി.കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രണ്ടു ദിവസങ്ങളിലായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. 23ന് നടക്കുന്ന കലാസന്ധ്യയിൽ സ്‌കൂൾ മാനേജർ കെ. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജർ കെ. രവീന്ദ്രൻനായർ, പ്രിൻസിപ്പൽ കെ.എം. ശ്രീലത, പ്രസിഡന്റ് പി.കെ. ചന്ദ്രമോഹൻ, സെക്രട്ടറി എൻ. അനിൽബാബു എന്നിവർ പങ്കെടുത്തു.