kk
എൻ ആർ സിറ്റി സ്‌കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞമോൻ നിർവ്വഹിക്കുന്നു

രാജാക്കാട്:ജൈവ പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവുമായി എൻ.ആർ സിറ്റി ഹയർസെക്കണ്ടറി സ്‌കൂൾ. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് കൃഷിയുടെ അനുഭവ പാഠം പകർന്ന് നൽകുന്നതിനായാണ് പദ്ധതി നടപ്പാക്കിയത്. കൃഷിവകുപ്പുമായി ചേർന്ന് നടത്തിയ ഈ അദ്ധ്യയന വർഷത്തിലെ രണ്ടാംഘട്ട കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് സതികുഞ്ഞമോൻ ആദ്യവിളവെടുപ്പ് കർമ്മം നിർവഹിച്ചു .പ്രിൻസിപ്പാൾ ഡി.ബിന്ദുമോൾ, എച്ച്.എം എം.ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് കെ.പി.സുബീഷ്, സ്‌കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി, പഞ്ചായത്ത് അംഗം ബിജി സന്തേഷ് എന്നിവർ പങ്കെടുത്തു. തക്കാളി, ബജ്ജിമുളക്, പച്ചമുളക്, കോളിഫ്ളവർ,കാബേജ്, വഴുതന, വെണ്ട, ചീര തുടങ്ങി ഇരുപതിനം പച്ചക്കറികളാണ് ഇവിടെ കുട്ടികൾ നട്ടു പരിപാലിക്കുന്നത്. കൃഷി അസിസ്റ്റൻഡ്മാരായ പി.കെ.രാജേഷ്, അരീഷ് പി.ചിറക്കൽ എന്നിവരാണ് കൃഷിയ്ക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങൾ നൽകുന്നത്. ഉത്പ്പന്നങ്ങൾ കുട്ടികൾക്ക് തന്നെ വിറ്റഴിക്കുകയും ഇതിൽ നിന്നും ലഭിക്കുന്ന പണം സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന സന്നദ്ധ സേവനങ്ങൾക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്.