തൊടുപുഴ : മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്നും പഞ്ചായത്ത് ഈടാക്കിയ 85,615 രൂപ ആറാഴ്ചയ്ക്കകം തിരികെ നൽകിയ ശേഷം രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തൊടുപുഴ എംപ്ലോയീസ് ഗാർഡനിൽ താമസിക്കുന്ന എം.ജെ. ചാക്കോ നൽകിയ പരാതിയിന്മേലാണ് നടപടി. 2014 ലാണ് പരാതിക്കാരൻ ജോലിയിൽ നിന്നും വിരമിച്ചത്. പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയുടെ കാര്യത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് തടസവാദം ഉന്നയിച്ചു. തുക തിരിച്ചടയ്ക്കണമെന്ന ഉത്തരവുമുണ്ടായി. ഇതിനെതിരെ പരാതിക്കാരൻ പാലക്കാട് ജില്ലാ കോടതിയെ സമീപിക്കുകയും ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. എന്നിട്ടും പരാതിക്കാരന്റെ ഡി.സി.ആർ.ജിയിൽ നിന്നും 85,615 രൂപ പഞ്ചായത്ത് പിടിച്ചെടുത്ത് ട്രഷറിയിൽ അടച്ചെന്നാണ് പരാതി. എന്നാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കമ്മീഷനു മുമ്പിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരനിൽ നിന്നും ഈടാക്കിയ 85,615 രൂപ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരിച്ചു നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെന്നാണ് പറയുന്നത്.
എന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് 6 മാസം മുമ്പ് കോടതി ഉത്തരവ് ലഭിച്ചിട്ടും നടപ്പാക്കിയില്ലെന്ന് തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ പരാതിക്കാരൻ അറിയിച്ചു.പരിശോധനയിൽ
നിയമോപദേശം തേടി 2018 ജൂലൈ 20 നാണ് അഭിഭാഷകന് കത്ത് നൽകിയതെന്നും പഞ്ചായത്ത് കോടതി ഉത്തരവിനെതിരെ അപ്പീൽ പോയിട്ടില്ലെന്നും മനസിലായി.ഈ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി ആറാഴ്ചയ്ക്കകം 85,615 രൂപ പരാതിക്കാരന് തിരികെ നൽകി
ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഏപ്രിലിൽ തൊടുപുഴയിൽ നടത്തുന്ന സിറ്റിംഗിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.