തൊടുപുഴ: വിസ്മയ ആർട്സ് ആന്റ് വെൽഫെയർ അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദാസ് തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സലിം കുമാർ, കലാകേന്ദ്ര ചെയർമാൻ ആമ്പൽ ജോർജ്ജ്, ജോസ് സ്റ്റീഫൻ ചാഴികാട്ട്, എൻ. രവീന്ദ്രൻ, ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് തൊടുപുഴ കൃഷ്ണൻകുട്ടി, മണക്കാട് പഞ്ചായത്ത് അംഗം സുജ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അപ്പൻ ചെറുകുന്നം, തൊടുപുഴ കൃഷ്ണൻകുട്ടി, ഔസേപ്പ് ജോൺ പുളിമൂട്ടിൽ, ജോയി വാഴക്കുളം, പപ്പൻ കലൂർക്കാട് എന്നിവരെ ആദരിച്ചു. സെക്രട്ടറി പി.ജി. സനൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയി വാഴക്കുളം സ്വാഗതവും എം.ജി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിസ്മയ കുടുംബാംഗങ്ങളുടെ കലാപരിപാടികളും കോമഡി ഷോയും നടന്നു.
മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ്
തൊടുപുഴ : മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മാർച്ച് രണ്ടിന് മൂന്നാർ ഗവ. ഗസ്റ്റ്‌ഹൗസിൽ സിറ്റിംഗ് നടത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സിറ്റിംഗ്. പുതിയ പരാതികൾ സ്വീകരിക്കും. അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സിറ്റിംഗിൽ പങ്കെടുക്കും.
ജില്ലാ വാർഷികം
തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ വാർഷികം തൊടുപുഴ എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ് നായർ ഉദ്ഘാടനം ചെയ്തു. എം.ജി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ ക്ളാസ്
തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ളാസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.പി. ജോൺ ഉദ്ഘാടനം ചെയ്തു. ആദർശ് രാജ് ക്ളാസ് നയിച്ചു.
മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണത്തിന്
തൊടുപുഴ: കാഡ്സ് ഓപ്പൺ മാർക്കറ്റിൽ അത്യുത്പാദനവും പ്രതിരോധ ശേഷിയുമുള്ള ബി.വി- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ 28ന് മുമ്പായി കാഡ്സിൽ ബുക്ക് ചെയ്യണമെന്ന് സെക്രട്ടറി കെ.വി. ജോസ് അറിയിച്ചു.
ലേഡീസ് ഹോസ്റ്റൽ മേട്രൺ ഒഴിവ്
തൊടുപുഴ: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസകൂലി വ്യവസ്ഥയിൽ നിയമനത്തിനായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുമായി 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.