ഇടുക്കി: ഇടുക്കിയുടെ സമഗ്ര വികസനത്തിനും പുനരുദ്ധാരണത്തിനും ഊന്നൽ നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. ഇടുക്കി ജില്ലയുടെ വികസന മർമ്മമായ റോഡ്, പാലം എന്നിവയുടെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, കാർഷിക മേഖലയ്ക്കും, ശുചിത്വത്തിനും, കുടിവെള്ള ജലസേചന പ്രവർത്തനങ്ങൾക്കും മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കും, ലൈഫ് മിഷൻ ഭവന പദ്ധതി, പി.എം.എ.വൈ. ഭവന പദ്ധതി തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്.

നിർദ്ദിഷ്ട ചെറുതോണി ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിന് 1 കോടി രൂപ, ചെറുതോണി കാർഷിക മാർക്കറ്റിന് 2 കോടി രൂപ, ഭവന പദ്ധതികൾക്കായി 12 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് 11, 51469559/- രൂപ വരവും ആകെ 1145520397/- രൂപ ചെലവും 5949162/- രൂപ നീക്കിബാക്കിയും വരുന്ന 2019 - 20 വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മാത്യു ജോൺ അവതരിപ്പിച്ചു. പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷയായിരുന്നു. മറ്റ് പശ്ചാത്തല സൗകര്യ വികസനത്തിനായി ഒന്നരകോടി രൂപയും, എസ്.എസ്.എ. വിഹിതമയി 3 കോടി രൂപയും, സ്‌കൂളുകളുടെ വികസനത്തിനും, അറ്റകുറ്റപ്പണികൾക്കുമായി 2 കോടി 50 ലക്ഷം രൂപയും, കലാ സാംസ്‌ക്കാരിക യുവജനക്ഷേമ പ്രവർത്തനങ്ങൾക്കായി 2 കോടി 90 ലക്ഷം രൂപയും, പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1 കോടി 40 ലക്ഷം രൂപയുമാണ് ബഡ്ജറ്റിൽ പ്രധാനമായും വകയിരുത്തിയിരിക്കുന്നത്. ബഡ്ജറ്റ് മീറ്റിംഗിൽ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വിദ്യാഭ്യാസം -ആരോഗ്യം

എസ്.സി. / എസ്.ടി കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ ബെറ്റർ എഡ്യൂക്കേഷന് 1 കോടി 25 ലക്ഷം രൂപയും, വിവിധ ജില്ലാ ആശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് 80 ലക്ഷം രൂപയും, ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണത്തിനും പുനരുദ്ധാരപ്രവർത്തനങ്ങൾക്കുമായി 1 കോടി 10 ലക്ഷം രൂപയും, ശാരീരിക മാനസീക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പിനായി 50 ലക്ഷം രൂപയും, സമ്പൂർണ കേൾവി ( കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്ത ആളുകൾക്ക് തുടർ പ്രവർത്തനം) പദ്ധതിയ്ക്കായി 25 ലക്ഷം രൂപയും, എച്ച്.ഐ.വി. ബാധിതർക്ക് പോക്ഷകാഹാരത്തിനായി 10 ലക്ഷം രൂപയും നീക്കി വച്ചു.

വികസനം

വികസന ഫണ്ട് ഇനത്തിൽ ( എസ്.സി.പി.,ടി.എസ്.പി. ഉൾപ്പെടെ) 663310000/ രൂപയും മെയിന്റനൻസ് ഫണ്ട് റോഡും റോഡിതരവും ഉൾപ്പെടെ 32,84,10,000/- രൂപയും ജനറൽ പർപ്പസ് ഗ്രാന്റിൽ 3,42,97,000/- രൂപയും മറ്റിതര വരവുകളുമാണ് ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. റോഡ്, പാലം, കലുങ്ക്, നടപ്പാതകൾ തുടങ്ങി ഗതാഗത മേഖലയ്ക്കായി ജനറൽ വിഭാഗത്തിൽ 6 കോടി രൂപയും റോഡ് പുനരുദ്ധാരണഫണ്ട് ഇനത്തിൽ 24 കോടിയും, കാർഷിക മേഖലയുടെ വികസനത്തിനായി 2 കോടി 88 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്കായി 2 കോടി 50 ലക്ഷം രൂപയും, ഇടുക്കി ജില്ലയെ സമ്പൂർണ ശുചിത്വജില്ലയാക്കി മാറ്റുന്നതിനായി 3 കോടി 16 ലക്ഷം രൂപയും, ക്ഷീരമേഖലയുടെ സമഗ്ര വികസനത്തിനായി 2 കോടി രൂപയും, കല്ലാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും, ലൈഫ് മിഷൻ, പി.എം.എ.വൈ, ജവഹർ തുടങ്ങിയ ഭവന നിർമ്മാണ പദ്ധതികൾക്കായി 17 കോടി രൂപയും നീക്കി വച്ചു.