road
ദേശീയപാതയോരത്തെ കട്ടിംഗ്‌

വണ്ടിപ്പെരിയാർ: കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയപാതയോരത്തെ കട്ടിംഗുകൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. രണ്ടടിയിലേറെ താഴ്ചയിലാണ് കട്ടിംഗ് ഉള്ളത്. ടാറിംഗ് പൂർത്തിയാക്കിയതോടെയാണ് റോഡ് തറനിരപ്പിൽ നിന്ന് വളരെയധികം ഉയർന്നത്. ഉയർന്ന റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്തുകയോ കോൺക്രീറ്റ് പാതകൾ നിർമ്മിക്കുകയോ ചെയ്യേണ്ടതാണ്. എന്നാൽ അധികൃതർ കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. നെല്ലിമല ജംഗ്ഷൻ മുതൽ ചോറ്റുപാറ വരെയുള്ള മൂന്ന് കിലോമീറ്റർ വളരെ അപകടം നിറഞ്ഞതാണ്. ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. പ്രധാന ജംഗ്ഷഷനുകളിലും സമാന അവസ്ഥയാണ്. ചെറിയ നാലു ചക്ര വാഹനങ്ങളും റോഡിന് വശങ്ങളിലേയ്ക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. ദിനവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറിലേയ്ക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ വീണ് സാരമായി പരിക്കേറ്റിരുന്നു. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്. രാത്രിയാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.