തൊടുപുഴ : മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉല്പ്പാദനം ഗണ്യമായി ഉയർത്തിയതിനാൽ മലങ്കര ഡാമിൽ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയർന്നു. തുടർന്ന് കാഞ്ഞാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന എട്ടോളം വീടുകളിൽ വെള്ളം കയറി. മലങ്കര ഡാമിൽ വെള്ളത്തിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. വെള്ളം 41.98 മീറ്റർ എത്തിയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 5 മണിക്ക് ഡാമിന്റെ നാലാം നമ്പർ ഷട്ടർ ഒരടി ഉയർത്തി .കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പ്പാദനം കൂട്ടിയത് .കഴിഞ്ഞ രണ്ട് മാസക്കാലമായി മലങ്കര ഡാമിന്റെ രണ്ട് വശങ്ങളിലുമുള്ള കനാലിലൂടെ വെള്ളം കടത്തി വിടുന്നുമുണ്ട്. വെള്ളം കയറിയതിനെത്തുടർന്ന് നാല് കുടുംബങ്ങൾ കുടയത്തൂർ പഞ്ചായത്തിലേയ്ക്കും
മൂന്ന് കുടുംബങ്ങൾ വെള്ളിയാമറ്റം പഞ്ചായത്ത്ിലേയ്ക്കും മാറിത്താമസിക്കുകയാണ്.
വെള്ളം തുറന്ന് വിടുന്ന കാര്യം അറിയിച്ചില്ല :
കാഞ്ഞാർ പുഴയിൽ വെള്ളം ഉയർത്തുന്ന വിവരം പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന ആളുകളെ ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന് പരാതി.ഇന്നലെ ഉച്ചകഴിഞ്ഞതോടെയാണ് പെട്ടന്ന് വെള്ളം ഉയർന്നു വീടുകളിലേക്കും പറമ്പിലേക്കും കയറിയത്. കടുത്ത വേനലിൽ വീടുകളിലേക്കും പറമ്പിലേക്കും വെള്ളം കയറുന്നത് കണ്ട് സ്തംഭിച്ച് നിൽക്കാനേ ഇവിടെയുള്ളവർക്കായുള്ളു.വീടിന് സമീപത്തുള്ള ശൗചാലയത്തിൽ വെള്ളം നിറഞ്ഞു മാലിന്യം പുറത്തേയ്ക്ക് ഒഴുകി.വീടുകളിൽ വെള്ളം കയറിയതിനാൽ വീടിന്റെ പുറത്താണ് ഇന്നലെ ഭക്ഷണം പാകം ചെയ്തത് . ചിലർ വീട്ട് മുറ്റത്താണ് കിടന്നതും. ചില വീട്ടുകാർ കൈക്കുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് ബന്ധു മിത്രാദികളുടെ വീടുകളിലേയ്ക്ക് മാറി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ട അധികാരികളുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.