തൊടുപുഴ: ഗുരുതരമായ ശ്വാസം മുട്ടലുമായി സർക്കാർ ആശുപത്രിയിലെത്തിയ ഹൃദ്രോഗിയായ പെൺകുട്ടിയോട് ഡോക്ടർ പറഞ്ഞതിങ്ങനെ,​ 'മരുന്നൊന്നും വേണ്ട,​ കുറച്ച് ചൂട് കഞ്ഞി കുടിച്ചാൽ മതി". തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിയ 20 കാരിയാണ് വനിതാ ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു മാസം മുമ്പാണ് അമ്മയോടൊപ്പം കടുത്ത ശ്വാസം മുട്ടലിന് മരുന്ന് വാങ്ങാൻ നിർദ്ധനയായ പെൺകുട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഇതിന് മുമ്പ് ഒരു തവണ ഇതേ ഡോക്ടർ മരുന്ന് നൽകിയതിനെ തുടർന്ന് ശ്വാസം മുട്ടൽ മാറിയതിനാലാണ് ഈ ഡോക്ടറെ വീണ്ടും സമീപിച്ചത്. എന്നാൽ ഡോക്ടർ ചികിത്സിക്കാൻ തയ്യാറായില്ല. ചികിത്സ നിഷേധിക്കുന്നത് ചോദ്യം ചെയ്ത പെൺകുട്ടിയോടും അമ്മയോടും ഡോക്ടർ പരുഷമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ പെൺകുട്ടി ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണിൽ വിളിച്ച് തനിക്കുണ്ടായ ദുരവസ്ഥയറിയിച്ചു. മന്ത്രി ഡി.എം.ഒയോട് വിശദീകരണം ചോദിച്ചു. ഇതറിഞ്ഞ ഡോക്ടർ പെൺകുട്ടിയും അമ്മയും തന്റെ ജോലി തടസപ്പെടുത്തിയെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. ഇതിനിടെ തീർത്തും അവശയായ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. അസുഖം കുറഞ്ഞ ശേഷം മലയരയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സംസ്ഥാന എസ്.സി- എസ്.ടി കമ്മിഷനിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി ഡോക്ടറുടെ ജോലി തടസപ്പെടുത്തിയെന്നാണ് കമ്മിഷന് മുമ്പിൽ ഹാജരായ ആശുപത്രി ജൂനിയർ സൂപ്രണ്ട് പറഞ്ഞത്. പെൺകുട്ടിക്കെതിരെ പരാതി ലഭിച്ചതായി പൊലീസും പറഞ്ഞു. എന്നാൽ നിർദ്ധനയായ പെൺകുട്ടിക്കെതിരായ ഡോക്ടറുടെ ആരോപണം വിശ്വസനീയമല്ലെന്ന് കണ്ടെത്തിയ കമ്മിഷൻ അംഗം അഡ്വ. സിജ പി.ജെ പൊലീസിനോടും ഡി.എം.ഒയോടും വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു.

25 പരാതികൾ പരിഹരിച്ചു

ഇന്നലെ തൊടുപുഴ റസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന എസ്.സി - എസ്.ടി കമ്മിഷന്റെ പരാതി പരിഹാര അദാലത്തിൽ 33 കേസുകളാണെത്തിയത്. ഇതിൽ 25 എണ്ണം പരിഹരിച്ചു. ബാക്കിയുള്ള എട്ടെണ്ണം ഇന്നലെ മാത്രം വന്ന കേസുകളാണ്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാത്തതിനാലും കക്ഷികൾ ഹാജരാകാത്തതിനാലും ഇവ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. കൈവശഭൂമിയിലെ കൈയേറ്റവും പട്ടയപ്രശ്നങ്ങളുമായിരുന്നു പരാതിയിൽ കൂടുതൽ.

എസ്.ഐയ്ക്ക് ശകാരം

കേസുകൾ വേണ്ട വിധം പഠിക്കാതെ അദാലത്തിലെത്തിയ എസ്.ഐയെ കമ്മിഷൻ ശകാരിച്ചു. തൊടുപുഴ ഡി.വൈ.എസ്.പിയായിരുന്നു അദാലത്തിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ഡി.വൈ.എസ്.പിക്ക് പകരം ഒരു എസ്.ഐയെയാണ് അയച്ചത്. 12 കേസുകളിൽ പൊലീസിന്റെ റിപ്പോർട്ട് ആവശ്യമുണ്ടായിരുന്നു. എന്നാൽ കേസുകൾ കൃത്യമായി പഠിക്കാത്ത എസ്.ഐ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വന്നതാണ് കമ്മിഷനെ ചൊടിപ്പിച്ചത്.

'പൊലീസുകാരുടെ അതിക്രമങ്ങൾ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തൊടുപുഴയിൽ കുറവാണ്. എങ്കിലും കൂടുതൽ കേസുകളിലും പൊലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്."

-അഡ്വ. സിജ പി.ജെ

(സംസ്ഥാന എസ്.സി-എസ്.ടി കമ്മിഷൻ അംഗം)​