തൊടുപുഴ: ജനറൽ ഡയറി (ജി.ഡി) ​രേഖപ്പെടുത്താത്തതിനെ തുടർന്ന് ആരോപണ വിധേയനായ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സ്ഥലംമാറ്റി. ബോഡിമെട്ട് ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായിരുന്ന എം.എസ്. മധുവിനെയാണ് ദേവികുളത്തേയ്ക്ക് സ്ഥലം മാറ്റിയത്. എക്സൈസ് അഡീഷണൽ കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി കമ്മിഷണറുടെയാണ് നടപടി. നെടുങ്കണ്ടം ബോഡിമെട്ട് ചെക്‌പോസ്റ്റിലൂടെ സ്പിരിറ്റ് കടത്തിയെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. 2018 മേയ് 25നും ജൂൺ അഞ്ചിനുമിടയിൽ രണ്ട് ലോഡ് സ്പിരിറ്റ് ബോഡിമെട്ട് ചെക്‌പോസ്റ്റിലൂടെ ജില്ല കടന്നുവെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റിലെ ജിഡി റജിസ്റ്ററടക്കം വിജിലൻസ് പരശോധനയ്ക്ക് വിധേയമാക്കി. ഇതിൽ മാർച്ചിലെ ആദ്യ ആഴ്ചയിൽ ഒരു ദിവസത്തെ ജിഡി എൻട്രി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് നടപടി.

എന്താണ് ജി.ഡി

എക്‌സൈസ് ചെക്‌പോസ്റ്റുകൾ, റേഞ്ച് ഓഫീസുകൾ, സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ ഡയറി തയ്യാറാക്കുന്നത് സംബന്ധിച്ച് 2012ൽ എക്‌സൈസ് കമ്മിഷണറുടെ സർക്കുലറുണ്ട്. ചെക്‌പോസ്റ്റ് അടക്കമുള്ള എക്‌സൈസിന്റെ എല്ലാ ഓഫീസുകളിലും നടക്കുന്ന ദൈനംദിന പ്രവൃത്തികൾ രേഖപ്പെടുത്തേണ്ട പ്രധാന രേഖയാണ് ജനറൽ ഡയറി (ജി.ഡി). ഒരു ദിവസം രാവിലെ മുതൽ പിറ്റേന്ന് രാവിലെ വരെയുള്ള വിവരങ്ങളാണ് ജി.ഡിയിലുണ്ടാവേണ്ടത്. ഓഫീസിൽ ഹാജരുള്ളവരുടെയും അല്ലാത്തവരുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. ജോലിയിലില്ലാത്ത ഉദ്യോഗസ്ഥർ എന്ത് കാരണത്താലാണ് അവധിയെടുത്തതെന്നും വ്യക്തമാക്കിയിരിക്കണം.