malinyam
മാലിന്യം കെട്ടിക്കിടക്കുന്ന അടിമാലി ടൗണിലെ ഓട

അടിമാലി: സമ്പൂർണ മാലിന്യസംസ്‌ക്കരണം നടപ്പിലാക്കുമെന്ന് ഗ്രാമപഞ്ചായത്ത് ആവർത്തിക്കുമ്പോഴും യാത്രക്കാരും വ്യാപാരികളും ടൗണിലെ ദുർഗന്ധം മൂലം മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്. ജൈവമാലിന്യ സംസ്‌ക്കരണ യൂണിറ്റ്, പ്ലാസ്റ്റിക് ഷ്രെഡിംഗ് കേന്ദ്രം, പ്ലാസ്റ്റിക്കിതര മാലിന്യ സംസ്‌ക്കരണം ഇത്തരത്തിൽ ഗ്രാമപഞ്ചായത്തിന്റെ കടലാസ് പദ്ധതികളേറെയാണ്. ടൗണിനെ സമ്പൂർണമാലിന്യ മുക്തമാക്കുമെന്നാണ് കാലങ്ങളായി പഞ്ചായത്തും ഭരണസമതിയും ആവർത്തിക്കുന്നത്. ദേവിയാർ പുഴയുടെ ശുചീകരണം മുതൽ ടൗണിലെ ഓട പൊളിച്ചുള്ള പരിശോധന വരെ മുറപോലെ നടത്തുന്നു. എന്നിട്ടും ബസ് സ്റ്റാൻഡ് പരിസരത്തോ താലൂക്കാശുപത്രിക്ക് സമീപം കല്ലാറുകുട്ടി റോഡിലൊ മൂക്കുപൊത്താതെ നിൽക്കാനാവാത്ത അവസ്ഥയാണ്. അടിമാലി ബസ്റ്റാൻഡിന്റെ എല്ലാ വശങ്ങളിലും മാലിന്യം പേറുന്ന ഓടകളാണുള്ളത്. സ്റ്റാൻഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള പൊതു ശൗചാലയമാണ് ബസ് സ്റ്റാൻഡ് പരിസരത്തെ ദുർഗന്ധത്തിന് പ്രധാനകാരണമെന്ന് യാത്രക്കാരും സമീപത്തെ വ്യാപാരികളും പരാതിപ്പെടുന്നു. ശൗചാലയത്തിലെ മലിനജലം തുറന്ന ഓടകളിലൂടെ ദേവിയാർ പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും മാലിന്യ സംസ്‌ക്കരണ സംവിധാനം സംബന്ധിച്ച് പഞ്ചായത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവും യാത്രക്കാർ മുമ്പോട്ട് വയ്ക്കുന്നുണ്ട്. കക്കൂസ് മാലിന്യമുൾപ്പെടെ ഓടകളിലേക്ക് ഒഴുക്കിയാൽ നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് ആവർത്തിക്കുമ്പോൾ പ്രസ്ഥാവനകൾ മാദ്ധ്യമവാർത്തകൾ ആകുമെന്നതിനപ്പുറം ഒന്നും സംഭവിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. പ്രസ്ഥാവനകൾക്കും പ്രഹസനത്തിനുമപ്പുറം ടൗണിലെ ദുർഗന്ധം അകറ്റാൻ പഞ്ചായത്ത് ക്രിയാത്മക ഇടപെടൽ നടത്തിയെ മതിയാകുവെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.