അടിമാലി: പേരിൽ മാത്രം സൂപ്പറാകാനൊരുങ്ങി അടിമാലി താലൂക്കാശുപത്രി. ആദിവാസി ജനതയുടെയും തോട്ടം മേഖലയുടെയും ആശ്രയമായ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് സർക്കാർ പറയുമ്പോൾ ബെഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് ഈ ആതുരാലയത്തിൽ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച അടിമാലി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ആശുപത്രിയെക്കുറിച്ചുള്ള പഴയ പരാതികൾക്ക് ഇനിയും പരിഹാരമില്ല. ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റിയായി ഉയർത്തുമെന്ന സർക്കാർ പ്രഖ്യാപനം നിലനിൽക്കുമ്പോഴും അനസ്‌തേഷ്യാ വിഭാഗത്തിൽ സ്ഥിരമായൊരു ഡോക്ടറെ നിയമിക്കാൻ പോലും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ദിവസം നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ നിന്നും മറ്റ് ദിവസങ്ങളിൽ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ നിന്നുമുള്ള അനസ്‌തേഷ്യാ ഡോക്ടറായിരുന്നു ആശുപത്രിയിൽ സേവനം ചെയ്തിരുന്നത്. നെടുങ്കണ്ടത്തെ ഡോക്ടർ അവധിയിൽ പ്രവേശിച്ചതോടെ മുഴുവൻ ദിവസവും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തി വേണം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗവും ശസ്ത്രക്രിയ വിഭാഗവും മുമ്പോട്ട് പോകാൻ. കിടത്തി ചികിത്സയ്ക്കായുള്ള ബെഡുകളുടെ കുറവും ജീവനക്കാരുടെ കുറവും അങ്ങനെ തന്നെ നിലനിൽക്കുകയാണ്. കാൽനൂറ്റാണ്ട് മുമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ ഉണ്ടായിരുന്ന 66 ബെഡുകളാണ് ഇപ്പോഴും കണക്കിലുള്ളത്. ഒരു കട്ടിലിൽ രണ്ട് രോഗികൾ വീതം കിടന്നാലും പലപ്പോഴും ബെഡുകൾ തികയാറില്ലെന്നതാണ് വസ്തുത. ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ചും പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വനിതാ വാർഡിലേക്ക് ശുചിമുറി മാലിന്യം ഒഴുകിയെത്തിയത് വലിയ പ്രതിഷേധത്തിനിടവരുത്തിയിരുന്നു. പുതിയ ബ്ലോക്ക് തുറന്നു നൽകുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യവും വർദ്ധിപ്പിച്ച് പ്രഖ്യാപനത്തിലെന്ന പോലെ പ്രവർത്തനത്തിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആക്കണമെന്നാണ് രോഗികളുടെ ആവശ്യം.