അടിമാലി: ഏറെ നാളായി യാത്രക്കാരുടെ നടുവൊടിച്ചിരുന്ന കമ്പിളികണ്ടം- തിങ്കൾക്കാട്- മന്നാക്കുടി സി.ആർ.എഫ് റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടായിരുന്നു. റോഡിന്റെ പുനർനിർമ്മാണത്തിന് നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ സ്ഥിരം പരാതി. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിക്കുക. വീതി വർദ്ധിപ്പിച്ച് ടാറിംഗ് നടത്തുന്നതിനൊപ്പം ഓടകളുടെ നിർമ്മാണവും പൂർത്തീകരിക്കും. സെട്രൽ റോഡ് ഫണ്ടിൽ നിന്ന് പത്ത് കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചിന് മന്ത്രി എം.എം. മണി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തും. ജോയ്സ് ജോർജ്ജ് എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എ, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ് എന്നിവർ പങ്കെടുക്കും. കമ്പളികണ്ടം മുതൽ തകർന്ന് കിടന്നിരുന്ന 15 കിലോമീറ്ററോളം റോഡാണ് നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഗതാഗയോഗ്യമാക്കാൻ ഒരുങ്ങുന്നത്.