കട്ടപ്പന: മലയോര മേഖലയിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കാൻ അടുത്തുള്ള കടത്തിണ്ണയെ ശരണം പ്രാപിക്കേണ്ട അവസ്ഥയാണ്. നിലവിലെ ബസ് സ്റ്റേഷൻ താത്കാലിക സംവിധാനമായതിനാൽ കാത്തിരിപ്പുകേന്ദ്രം ഒരുക്കുന്നതിൽ നിന്ന് കെ.എസ്.ആർ.ടി.സിയും ഒഴിഞ്ഞുമാറുകയാണ്. സ്ഥലം നഗസരസഭയുടേതും സ്ഥാപനം കെ.എസ്.ആർ.ടി.സിയുടേതുമാണ്. നഗരസഭയുടെ ഉടമസ്ഥതയിൽ തൊട്ടടുത്തുതന്നെ മറ്റൊരു ബസ് സ്റ്റേഷൻ ഉള്ളതുകൊണ്ട് കെ.എസ്.ആർ.ടി.സിക്ക് വേണ്ടി പണം മുടക്കാൻ താത്പര്യപ്പെടുന്നില്ല. ചുരുക്കത്തിൽ രാത്രിയും പകലും ബസ് കാത്തുനിൽക്കുന്നവർക്ക് മതിയായ സുരക്ഷാ സൗകര്യമൊരുക്കാൻ ഉത്തരവാദികളായി ആരുമില്ലെന്ന് സാരം. ദിവസം 120 ൽ അധികം സർവീസുകൾ വന്നുപോകുന്ന മലയോരമേഖലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡാണിത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലേക്ക് രാത്രികാല സർവീസടക്കം നിരവധി ദീർഘദൂര ബസുകൾ ദിവസവും ഇവിടെനിന്ന് പുറപ്പെടുന്നുണ്ട്. മലയോര മേഖലയുടെ ഉൾപ്രദേശങ്ങളിലേക്കുള്ള ഷട്ടിൽ റൂട്ടുകൾ വേറെയുമുണ്ട്.
മാസം ആറായിട്ടും താത്കാലികം തന്നെ
കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിൽ തകർന്ന വെള്ളയാംകുടി ഡിപ്പോയ്ക്ക് പകരമാണ് കട്ടപ്പനയിലെ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നഗരസഭ കെ.എസ്.ആർ.ടി.സിക്ക് താത്കാലികമായി വിട്ടുനൽകിയത്. എന്നാൽ പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും താത്കാലിക ബസ് സ്റ്റേഷൻ അങ്ങനെതന്നെ തുടരുകയുമാണ്.
പണ്ട് ഇടമുണ്ടായിരുന്നു
മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആയിരുന്നപ്പോൾ രണ്ട് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൂടുതൽ സൗകര്യങ്ങളോടെ പുതിയ സ്റ്റാൻഡ് നിർമ്മിച്ചപ്പോൾ പഴയ സ്റ്റാൻഡ് ടൂറിസ്റ്റ്- ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാക്കി. അതോടെ അവിടെയുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇപ്പോൾ അതും പ്രവർത്തനമില്ലാതെ അടച്ചിട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി സ്വന്തം സ്ഥലത്തേക്ക് ഓപ്പറേഷൻ സെന്റർ മാറ്റാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ നിലവിലുള്ള സ്റ്റാൻഡിലെ പഴയ കാത്തിരിപ്പുകേന്ദ്രങ്ങൾ യാത്രക്കാർക്ക് തുറന്നുകൊടുത്താൽ പ്രശ്നത്തിന് പരിഹാരമാകും.