തൊടുപുഴ: ജില്ലയിലെ കർഷകരുടെ വായ്പകൾ എഴുതി തള്ളുക, ജപ്തി നടപടികൾ നിറുത്തിവയ്ക്കുക, സർക്കാരിന്റെ റവന്യൂ റിക്കവറി നടപടികൾ നിറുത്തിവയ്ക്കുക, ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് എത്രയും വേഗം തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് അഞ്ചിന് ജില്ലയിലെ വില്ലേജോഫീസുകൾക്ക് മുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചും കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ചും സർക്കാരിന്റെ 1000 ദിന പരിപാടികളിൽ നിന്നും പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ വിട്ടുനിൽക്കും. കഴിഞ്ഞ 13 മാസക്കാലമായി തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കാത്ത സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്നും അടിസ്ഥാന ശമ്പളം 600 രൂപയായി പുതുക്കി നിശ്ചയിക്കണമെന്നും ഡി.സി.സി തൊഴിൽമന്ത്രിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.