ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ആത്മഹത്യാ മുനമ്പിനു സമീപം ഒരാഴ്‌ച മുമ്പ് ഉദ്ഘാടനം ചെയ്‌ത പ്ളാസ്റ്റിക് വടം കൊണ്ടുള്ള തൂക്കുപാലം (ബർമ ബ്രിഡ്‌ജ്) പൊട്ടിവീണ് 10 പേർക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളി സൺഡേ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങിയ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന സിസ്റ്റർ അനുഷയുടെ കാലിന് പൊട്ടലുണ്ട്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കനമുള്ള പ്ളാസ്റ്റിക് കയർ ഇരുമ്പു വടത്തിൽ കോർത്ത തൂക്കുപാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും വാഗമണ്ണിലെ സാഹസിക വിനോദപദ്ധതികളുടെ പണി പൂർത്തിയാകാത്തതിനാൽ ടിക്കറ്റുവച്ച് സഞ്ചാരികളെ കയറ്റിത്തുടങ്ങിയിരുന്നില്ല. ഒരേസമയം അഞ്ചു പേർക്കു മാത്രം കയറാവുന്ന തൂക്കുപാലത്തിൽ സുരക്ഷാ ഗാർഡുമാരുടെ വിലക്ക് വകവയ്‌ക്കാതെ പതിനഞ്ചോളം പേർ കയറുകയായിരുന്നുവെന്ന് ഡി.ടി.പി.സി അധികതൃതർ പറഞ്ഞു. അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ആത്മഹത്യാമുനമ്പിനു സമീപം രണ്ട് മൊട്ടക്കുന്നുകളെ ബന്ധിപ്പിച്ചാണ് വലപ്പാലം. രണ്ടു കുന്നുകളിലായി ഉറപ്പിച്ച ഉരുക്ക് തൂണുകളെ ഇരുമ്പു വടംകൊണ്ട് ബന്ധിപ്പിച്ച് അതിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ബർമബ്രിഡ്‌ജ്. ഒരു വശത്തെ തൂണിനു സമീപം, താഴ്ച കുറഞ്ഞ സ്ഥലത്തായിരുന്നു അപകടം എന്നതുകൊണ്ട് വൻദുരന്തം ഒഴിവായി. ഇവിടെ പാലത്തിന് പത്തടിയോളമേ ഉയരമുള്ളൂ.കുന്നുകളുടെ മദ്ധ്യഭാഗത്ത് 50 അടിയോളം ഉയരത്തിലാണ് പാലം തൂങ്ങിനിൽക്കുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'പൊട്ടിവീണ പാലം ഉൾപ്പെടെ വാഗമണ്ണിലെ സാഹസിക വിനോദ പദ്ധതികളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. നിർമ്മാണ ചുമതല ഡി.ടി.പി.സിക്കും, നടത്തിപ്പ് കേരള സ്റ്റേറ്റ് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കുമാണ്. ഇതു സംബന്ധിച്ച കരാർ നടപടികളും പൂർത്തിയായിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പ്രവേശനം അനുവദിക്കുന്നതിനു മുമ്പ് ആളുകൾ അതിക്രമിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്."
-ജയൻ പി. വിജയൻ
ഡി.ടി.പി.സി സെക്രട്ടറി