kk
എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന ചെറുതോണി ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കുന്നു

ചെറുതോണി: പ്രളയക്കെടുതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നഷ്ടമായ ചെറുതോണിയുടെ പുനർ നിർമ്മാണത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ചെറുതോണി ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് 50 ലക്ഷം രൂപയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 15 ലക്ഷം രൂപയുമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. പാർക്കിംഗ് ഉൾപ്പെടെ കൂടുതൽ അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നതായും എം.എൽ.എ അറിയിച്ചു. പൊലീസ് സ്റ്റേഷന് സമീപം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് ഒന്നരയേക്കർ ഭൂമിയാണ് നീക്കിവച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് മുഖേനയാണ് പ്രവർത്തികൾ നടപ്പിലാക്കുന്നത്.
പുതുതായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിനോട് ചേന്ന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി വ്യാപാര സമുച്ചയം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ നീക്കി വച്ചിട്ടുള്ളതായും യോഗത്തിന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്, പൊലീസ് ഡിപ്പാർട്ടുമെന്റ്, വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് ഓഫീസ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിച്ച് നൽകിയിട്ടുള്ളതായും വൈദ്യുതി വകുപ്പുമായുണ്ടായിരുന്ന സ്ഥലം സംബന്ധിച്ച തർക്കം പരിഹരിച്ചതോടെ വഞ്ചിക്കവലയിൽ മിനി സിവിൽസ്റ്റേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസമ്മ സാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുബാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ്ജ് വട്ടപ്പാറ, പഞ്ചായത്ത് അംഗങ്ങളായ റോയി ജോസഫ്, ടോമി കൊച്ചുകുടി, ആൻസി തോമസ്, കെ.എം. ജലാലുദ്ദീൻ, സെലിൻ വിൻസെന്റ്, മർച്ചന്റ് അസോസിയേഷൻ ചെറുതോണി യൂണിറ്റ് പ്രസിഡന്റ് വിനു പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.