തൊടുപുഴ: ഹെൽമറ്റ് ധരിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കൊല്ലത്തു നിന്നും കാസർകോട്ടേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും സൈക്കിളിൽ ഒറ്റയ്ക്ക് പര്യടനം നടത്തുന്ന കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാജഹാന് തൊടുപുഴയിൽ സ്വീകരണം നൽകി.
ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ പൊലീസുദ്യോഗസ്ഥരും പൊതുജനങ്ങളും ജീവൻ രക്ഷായാത്രയെ സ്വീകരിക്കാനെത്തിയിരുന്നു.
കൊല്ലത്തു നിന്നും മന്ത്രി ജെമേഴ്സിക്കുട്ടിയമ്മ ഫ്ളാഗ് ഓഫ് ചെയ്ത സൈക്കിൾ പര്യടനം കാസർകോട് വരെ സഞ്ചരിച്ച് തിരികെപോകും വഴിയാണ് തൊടുപുഴയിലെത്തിയത്. ട്രാഫിക് അവബോധമുയർത്തുന്ന ലഘുലേഖയും ഷാജഹാൻ വിതരണം ചെയ്തു. ബൈക്കിൽ യാത്ര ചെയ്യുന്ന എല്ലാവരും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഷാജഹാൻ വിവരിച്ചു. ഡിവൈ എസ്.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് ഐ വി.സി വിഷ്ണുകുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ രേണുകാ രാജശേഖരൻ, പ്രസ് ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ, പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗം സനൽ ചക്രപാണി, ടി.ഇ. മുജീബ് എന്നിവർ പ്രസംഗിച്ചു.