പീരുമേട്: ടാർ മിശ്രിതവുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച രാത്രി 12.15ന് ദേശീയപാത 183ൽ പീരുമേട് വാരിക്കാടൻ (കോടതിപ്പടി) വളവിലായിരുന്നു അപകടം. കുട്ടിക്കാനം ഭാഗത്ത് നിന്ന് കുമളിയിലേക്ക് ടാർ മിശ്രിതം കൊണ്ടുപോകും വഴി നിയന്ത്രണം വിട്ട ടാങ്കർ ലോറി എതിർ ഭാഗത്തുള്ള കലുങ്കിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ടാർ റോഡിലൂടെ ഒഴുകിയതിനെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഒരു ഭാഗത്ത് കൂടി മാത്രമായിരുന്നു വാഹനങ്ങൾ കടത്തിവിട്ടത്. പീരുമേട് അഗ്നിശമനാ സേനാംഗങ്ങൾ സ്ഥലത്ത് എത്തി റോഡിലൂടെ ഒഴുകിയ ടാർ നീക്കം ചെയ്തു. കൂടുതൽ ടാറുകൾ റോഡിലൂടെ ഒഴുകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തി. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മറ്റൊരു ലോറിയിൽ ടാങ്കർ ഘടിപ്പിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയം.