തൊടുപുഴ: തോടുകളും പുഴകളും സുഗമമായി ഒഴുകുവാൻ ജനകീയ മുന്നേറ്റമുണ്ടാകണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾക്ക് തടസമുണ്ടാകുമ്പോൾ മനുഷ്യന് എന്ത് സംഭവിക്കുമോ അതാണ് പുഴയുടെ യഥാർത്ഥ ഒഴുക്കു തടസപ്പെടുമ്പോഴും സംഭവിക്കുന്നത്. പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ള സസ്യാവരണം തനത് നാടൻ ഇനങ്ങൾ നട്ടുപിടിപ്പിച്ച് സമ്പുഷ്ടമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷൻ, കരിമണ്ണൂർ വിന്നേഴ്സ് പബ്ലിക് സ്‌കൂളിലെ ജൈവവൈവിധ്യക്ലബ്ബുമായി ചേർന്ന് തൊമ്മൻകുത്തിൽ സംഘടിപ്പിച്ച പുഴനടത്തം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് ഭാസ്‌കരൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബീന സോമൻകുഞ്ഞ്, മൃഗക്ഷേമ ബോർഡ് അംഗം എം.എൻ. ജയചന്ദ്രൻ, സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് കൺസർവേറ്റർ സാബി വർഗീസ്, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എൻ. രവീന്ദ്രൻ, വിന്നേഴ്സ് പബ്ലിക് സ്‌കൂൾ മാനേജർ എം.പി. വിജയനാഥൻ, ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രതിനിധികളായ എം. വീണ, എ.ബി. സ്വപ്ന, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എം. വിജയൻ, വിനോദ് കുമാർ, ആന്റോ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു എസ്. മണ്ണൂർ, ഹരിദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പുഴയുടെ തീരങ്ങളിൽ നൂറോളം മുളം തൈകളും ഇതോടനുബന്ധിച്ച് നട്ടുപിടിപ്പിച്ചു. പുഴ മലിനീകരിക്കപ്പെടാതെ സംരക്ഷിക്കുവാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.