രാജാക്കാട്: ടാറിംഗ് നടക്കുന്ന റോഡ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്വകാര്യ വ്യക്തി കുത്തി പൊളിച്ച് പൈപ്പിട്ടു. മാങ്ങാതൊട്ടി റോഡിൽ ബിവറേജ് ഔട്‌ലെറ്റിന് സമീപമാണ് ടാറിംഗ് ഇളക്കി മാറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചത്. റോഡ് കുത്തിപ്പൊളിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടപെട്ട് സ്വകാര്യവ്യക്തിയെ കൊണ്ട് കുത്തിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യിച്ചു. രാജാക്കാട്- മാങ്ങാത്തൊട്ടി- നെടുങ്കണ്ടം പൊതുമരാമത്ത്‌ റോഡിൽ 30 സെന്റി മീറ്റർ കനത്തിൽ മെറ്റൽ ചെയ്ത് പ്രതലം ഉറപ്പിച്ച ഭാഗമാണ് പണികൾ തീർത്ത പുറകെ കുത്തിപ്പൊളിച്ച് കുറുകെ പൈപ്പ് ലൈൻ സ്ഥാപിച്ചത്. തുടർന്ന് മണ്ണും കല്ലും ഉപയോഗിച്ച് കുഴി നികത്തുകയും ചെയ്തു. എന്നാൽ ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോൾ തന്നെ കുഴിച്ച ഭാഗം ഇടിഞ്ഞുതാണ് ഗർത്തം രൂപപ്പെടുകയായിരുന്നു. അനുമതിയില്ലാതെ റോഡിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുത്തിപൊളിച്ചതിന് സ്വകാര്യ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.