തൊടുപുഴ: വൈദ്യുതി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന സൗരോർജ്ജ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. മുട്ടത്ത് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച 110 കെ.വി വൈദ്യുതി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗരോർജ്ജ പദ്ധതിക്ക് കുറഞ്ഞ നാളുകൾക്കകം 2,​80,000 അപേക്ഷകളാണ് വൈദ്യുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്. നമുക്ക് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ആയിരം മെഗാ വാട്ടിന്റെ വൈദ്യുതി സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കണമെന്നാണ് തീരുമാനം. 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് സ്വകാര്യ മേഖലകളിൽ നിന്നോ സർക്കാർ മേഖലകളിൽ നിന്നോ ആകാം. കേന്ദ്ര സർക്കാരും സംസ്ഥാന വൈദ്യുതി വകുപ്പും അതിനായി കരാർ ഒപ്പിട്ടു. പുതിയ സബ് സ്റ്റേഷൻ വന്നതോടെ മുട്ടം പ്രദേശത്ത് ഗുണനിലവാരമുള്ള വൈദ്യുതി മുടക്കം കൂടാതെ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അന്നമ്മ ചെറിയാൻ, വാർഡ് അംഗം ഷൈജ ജോമോൻ, ഷീല സന്തോഷ്,​ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു.