തൊടുപുഴ: പുതിയ നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ് കൗൺസിലർ എം.കെ. ഷാഹുൽ ഹമീദ് ഇറങ്ങി പോയി. 2018 19 വാർഷിക പദ്ധതി പ്രകാരം പട്ടിക ജാതി വിദ്യാർത്ഥികൾക്കായി പഠന മുറി നിർമിച്ചു നൽകുന്ന പദ്ധതിയുടെ പേരിലെ ഗുണഭോക്തൃ ലിസ്റ്റിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൗൺസിലർ ഇറങ്ങി പോയത്. പദ്ധതിക്കായി തയ്യാറാക്കിയ 19 പേരുടെ ഗൂണഭോക്തൃ ലിസ്റ്റാണ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. എന്നാൽ പദ്ധതിക്കായി വക മാറ്റിയിരിക്കുന്ന തുക ഉപയോഗിച്ച് അഞ്ചു പേർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. ഇതിനായി മുൻഗണനാ പട്ടിക അവതരിപ്പിച്ചപ്പോഴാണ് തർക്കം ഉണ്ടായത്. നഗരസഭ ഉദ്യോഗസ്ഥരാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയത്. എന്നാൽ സാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരും ഇവർക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് ലഭിച്ച മാർക്കും സെക്രട്ടറി അവതരിപ്പിച്ചപ്പോഴാണ് പ്രതിഷേധം ഉയർന്നത്. ലിസ്റ്റ് വീണ്ടും തയ്യാറാക്കണമെന്നു ഷാഹുൽഹമീദ് ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ സാധ്യതാപട്ടികയിൽ നിന്ന് അഞ്ചു പേരെ തിരഞ്ഞെടുക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതിനാൽ പദ്ധതി നഷ്ടപ്പെട്ടു പോകരുതെന്ന് കരുതിയാണ് നിലവിലുള്ള ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് അർഹതപ്പെട്ടവരെ കണ്ടെത്താൻ തീരുമാനിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കൗൺസിലർമാർ മുന്നണി തിരിഞ്ഞ് നടത്തിയ അഭിപ്രായ പ്രകടനങ്ങളും കൗൺസിലിൽ ബഹളത്തിനിടയാക്കി.
ബഡ്ജറ്റ് കൗൺസിൽ 27ന്
നഗരസഭ ബഡ്ജറ്റ് 27ന് രാവിലെ 11ന് നഗരസഭ ഹാളിൽ വൈസ് ചെയർമാൻ സി.കെ. ജാഫർ അവതരിപ്പിക്കുമെന്ന് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി അറിയിച്ചു.