പീരുമേട്: വാഗമണ്ണിൽ തൂക്കുപാലം തകർന്നുണ്ടായ അപകടം സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. സഞ്ചാരികൾക്ക് ഒരു തരത്തിലുമുള്ള മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയ വേദപാഠ സംഘത്തിലെ ഫാ. വക്കച്ചൻ കൂമ്പയിലിന്റെ വാക്കുകൾ ഇത് ബലപ്പെടുത്തുന്നു. ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് ആത്മഹത്യ മുനമ്പിന് സമീപത്തുള്ള തൂക്കുപാലം. കൗണ്ടറിൽ മാത്രമാണ് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നത്. എന്നാൽ പാലത്തിന് സമീപം സുരക്ഷ ജീവനക്കാരോ മുന്നറിയിപ്പ് സൂചികാ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾ റോപ്പ് വേ കൊണ്ടുള്ള പാലത്തിൽ കയറുന്നത് കണ്ടാണ് തങ്ങളും കയറിയതെന്ന് ഫാ. വക്കച്ചൻ പറയുന്നത്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞിട്ടും മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നെന്നാണ്
ഡി.ടി.പി.സിയുടെ വിശദീകരണം. സ്വകാര്യ വ്യക്തികൾക്ക് ടൂറിസം പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് ഇവിടെ സ്ഥലം നൽകിയിരിക്കുന്നത്. കോൺട്രാക്ടർമാർ പണികൾ പൂർണമായും പൂർത്തീകരിച്ചിട്ടില്ല. ഇതിന് മുമ്പാണ് റോപ്പ് വേ കൊണ്ടുള്ള തൂക്കുപാലത്തിന്റെ പണികൾ താത്കാലികമായി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. ട്രയൽ റൺ എന്ന നിലയിൽ നാല് പേർക്ക് മാത്രം ഒരേ സമയം കയറാവുന്ന റോപ്പ് വേയിൽ ഇരുപതിലധികം ആളുകൾ ഒരുമിച്ച് കയറിയതാണ് അപകടത്തിനിടയാക്കിയത്. ഒരു വശം മാത്രം പൊട്ടിയതിനാൽ ഉയരത്തിൽ നിന്നുള്ള വീഴ്ച ഒഴിവായി. അതിനാൽ വൻ ദുരന്തം ഒഴിവായി. പാറക്കെട്ടുകൾ നിറഞ്ഞ വാഗമണ്ണിലെ ആത്മഹത്യ മുനമ്പിലെ മുട്ടക്കുന്നുകൾക്ക് സമീപത്താണ് റോപ്പ് വേ. അപകടത്തെ തുടർന്ന് വാഗമണ്ണിൽ നിലവിലുള്ള ടൂറിസംപരിപാടികൾ നിറുത്തി വച്ചതായി ഡി.ടി.പി സി അധികൃതർ അറിയിച്ചു.