ഇടുക്കി: വാഗമൺ ആത്മഹത്യാമുനമ്പിന് സമീപം വിനോദസഞ്ചാരികൾ കയറിയ ബർമബ്രിഡ്ജ് (തൂക്കുപാലം) തകർന്നുവീണ് 10 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 17ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത പദ്ധതിയിൽപ്പെട്ട ആകാശപ്പാലമാണ് ഏഴാം ദിവസം നിലംപൊത്തിയത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളി സൺഡേസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സിസ്റ്റർ അനുഷ (35) എന്ന കന്യാസ്ത്രീയുടെ കാലിന് പൊട്ടലുണ്ട്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. കന്യാസ്ത്രീയെ കൂടാതെ അങ്കമാലി പുള്ളിപ്പാലം ജോയ്‌സി വറുഗീസ് (50), പുതുശേരിൽ ബിനി തോമസ് (40), ചിറ്റിനേപ്പള്ളിൽ ജിസ്മി പൗലോസ് (19), ചുട്ടി വേലൻചേരിൽ അൽഫോൺസാ മാത്യു (58), ഷിബി വറുഗീസ് (41), കേരിക്കോത്ത് മേഴ്‌സി ജോയി (50), ചിറ്റിലപ്പള്ളി റിയ ചെറിയാൻ (21), മണലൂരാനിൽ സൗമ്യ വിപിൻ (32), കോലത്തുംകുന്നേൽ കിരൺ ബാബു (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. അങ്കമാലിയിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 60 അംഗസംഘത്തിലെ 15 ലേറെ പേരാണ് തൂക്കുപാലത്തിൽ കയറിയത്. കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി അടുത്തിടെയാണ് വാഗമണ്ണിൽ സാഹസിക വിനോദസഞ്ചാര പരിപാടികൾ ആവിഷ്കരിച്ചത്. സ്കൈ സൈക്കിൾ, തടാകത്തിലെ കയാക്കിംഗ്, ബർമബ്രിഡ്ജ് തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ ബർമബ്രിഡ്ജിലേക്ക് ടിക്കറ്റ് വാങ്ങി ആളുകളെ കയറ്റാനും തുടങ്ങിയിരുന്നില്ല. എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇതിലൊക്കെ കയറാറുമുണ്ട്. പൂർണ സജ്ജമായാലും ഒരുസമയം പരമാവധി അഞ്ചുപേർക്കുമാത്രം കയറാനുള്ള ശേഷിയേ പാലത്തിനുള്ളൂ. ഇന്നലെ കുട്ടികളടക്കം എത്തിയ സംഘത്തോട് പാലത്തിൽ കയറരുതെന്ന് ഡി.ടി.പി.സി യുടെ സുരക്ഷാ ഗാർഡുമാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതവഗണിച്ച് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
സ്വദേശ് ദർശൻ ഇക്കോടൂറിസം സർക്യൂട്ട്
ഇടുക്കി- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന കടമ്മനിട്ട- ഗവി- വാഗമൺ- പീരുമേട്- ഇടുക്കി- തേക്കടി ഇക്കോ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാണ് വാഗമണ്ണിൽ ഇന്നലെ തകർന്നുവീണ ബർമബ്രിഡ്ജ്. ഇടുക്കി- പത്തനംതിട്ട ഇക്കോടൂറിസം പദ്ധതിക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം 90 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ബർമബ്രിഡ്ജ്
വാഗമൺ ആത്മഹത്യമുനമ്പിന് സമീപം രണ്ട് മൊട്ടക്കുന്നുകളെ തമ്മിൽ ബന്ധിപ്പിച്ച് പ്ലാസ്റ്റിക് വടത്തിൽ നിർമ്മിച്ച വലപ്പാലം. രണ്ടു കുന്നുകളിലും ഉരുക്ക് കേഡറുകൾ ഉറപ്പിച്ച് അതിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഒരു ഇരുമ്പ് റാഡുമുണ്ട്. ഈ റാഡിൽ ടാഗ് ഇട്ട് കോർത്താണ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. ബ്രിഡ്ജിൽ ചവുട്ടി നടക്കുന്നതിന് അടിഭാഗത്തും കൈപിടിക്കുന്നതിന് ഇരുവശത്തും റാഡുകളുണ്ട്. മുകളിലത്തെ റാഡുമായി ബന്ധിപ്പിക്കുന്ന ടാഗ് പൊട്ടിയാണ് അപകടമുണ്ടായത്. പത്തടിയോളം ഉയരത്തിൽ നിന്നായിരുന്നു വീഴ്ച. അപകടം സംഭവിച്ചത് ഒരു വശത്തെ തൂണിന് സമീപത്തായിരുന്നതുകൊണ്ട് വൻദുരന്തം ഒഴിവായി. രണ്ടുമലകളുടേയും മദ്ധ്യഭാഗത്ത് ഏതാണ്ട് 50 അടിയോളം ഉയരത്തിലാണ് പാലം നിൽക്കുന്നത്.
'അപകടത്തിൽപ്പെട്ട പാലമുൾപ്പെടെ വാഗമണ്ണിലെ സാഹസിക വിനോദ സഞ്ചാരപദ്ധതികളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിന്റെ നിർമ്മാണ ചുമതല ഡി.ടി.പി.സിക്കും നടത്തിപ്പ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കുമാണ്. സൊസൈറ്റിയും ഡി.ടി.പി.സിയുമായുള്ള കരാർ നടപടികളും പൂർത്തിയായിട്ടില്ല. അവശേഷിക്കുന്ന ജോലികൾ കൂടി പൂർത്തിയായ ശേഷം സുരക്ഷാപരിശോധനയും കഴിഞ്ഞേ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കൂ. അതിന് മുമ്പ് ആളുകൾ അതിക്രമിച്ച് കയറിയതാണ് അപകടത്തിന് കാരണമായത്."
-ജയൻ പി. വിജയൻ
(ഡി.ടി.പി.സി സെക്രട്ടറി)