kk
അറസ്റ്റിലായ പ്രതികൾ

അടിമാലി: അടിമാലി ടൗണിൽ യാത്രക്കാരനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുടം സ്വദേശി പ്രസന്നൻ, തിരുവനന്തപുരം സ്വദേശി മോഹൻദാസ് എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20 ന് രാത്രിയിലാണ് കാസർഗോഡ് ഉദുമ സ്വദേശിയായ റിനു ലാലിനെതിരെ ആക്രമണം ഉണ്ടായത്. അടിമാലിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌പൈസസ് പാർക്കിലെ ജീവനക്കാരനാണ് റിനു ലാൽ. ഇയാൾ 20ന് വൈകിട്ട് വീട്ടിൽപോകാൻ എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്ത് അടിമാലി ടൗണിൽ നിൽക്കെ പ്രസന്നനും മോഹൻദാസും സൗഹൃദം നടിച്ച് അടുത്തുകൂടി. രാത്രി ഏറെ വൈകിയതിനാൽ സ്റ്റാൻഡിൽ ബസ് കയറില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നീട് മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും അപഹരിച്ച ശേഷം റിനുവിനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.

മർദ്ദനമേറ്റ യുവാവ് തിരികെ ജോലിസ്ഥലത്തെത്തി സഹപ്രവർത്തകരുടെ സഹായത്തോടെ അടിമാലി പൊലീസിൽ പരാതി നൽകി. ടൗണിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ആദ്യം തങ്ങൾക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.