പീരുമേട്: ട്രാവലറും കാറും തമ്മിൽ കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്. കാർ ഡ്രൈവർ ജോസഫ് (50), അണക്കര സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളായ ജോർജ് (13), ജോസഫ് (12) ട്രാവലറിൽ യാത്ര ചെയ്തിരുന്ന മൻഷാദ് (36),ബൈജു (45), ടോണി, അജേഷ്, റോബി, അഭിലാഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 183 ൽ പീരുമേട് മരിയഗിരി സ്‌കൂളിന് സമീപം ഇന്നലെ വൈകുന്നേരം 4നായിരുന്നു അപകടം. പീരുമേട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ജോസഫിനെ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.