പീരുമേട്: വാഗമണ്ണിലെ സാഹസിക വിനോദ സഞ്ചാര പരിപാടികൾ താല്ക്കാലികമായി നിറുത്തിവച്ചതായി ഡി.ടി.പി.സി അറിയിച്ചു.
വാഗമൺ റോപ്പ് വേ പാലം തകർന്ന് അപകടം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പാരാഗ്ലൈഡിംഗ് അടക്കമുള്ള സാഹസീക ഇനങ്ങൾക്കാണ് താല്ക്കാലികമായി ഡി.ടി.പി.സി. നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അപകടം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശനിയാഴ്ചതന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാരംഭ ഘട്ടമായി ജില്ലാ ടൂറിസം കൗൺസിൽ അപകടത്തെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ട്രയൽ റൺ എന്ന നിലയിൽ നാല് പേർക്ക് മാത്രം ഒരേ സമയം കയറാവുന്ന പാലത്തിൽ കൂടുതൽ ആളുകൾ കയറിയതാണ് അപടകടത്തിന് കാരണമായതെന്നും മൊട്ടക്കുന്നിൽ പ്രവേശന പാസ് നൽകുമ്പോൾ മുതൽ സുരക്ഷാ നിർദേശം നല്കുയിരുന്നതായും ഡി.ടി.പി.സി. നൽകിയ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഹിന്ദുസ്ഥാൻ പ്രീ ഫാബ് എന്ന കമ്പനിയാണ് തൂക്കുപാലം നിർമ്മിക്കുന്നത്. കേരളാ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയാണ് ഇതിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. സാഹസീക വിനോദപരിപാടികൾക്കായി 100 ഏക്കർ സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനു മുമ്പാണ് പാരാഗ്ലൈഡിംഗ്, റോപ്പ് വേ പാലത്തിലൂടെയുള്ള നടത്തം തുടങ്ങിയ പരിപാടികൾ അരംഭിച്ചത്. സഞ്ചാരികൾക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടെങ്കിലും 100 ഏക്കർ സ്ഥലത്തെ സുരക്ഷ കൈകാര്യം ചെയ്യാനുള്ള ജീവനക്കാരും നിലവിൽ ഇല്ല. ഈ സാഹചര്യം കണക്കിലെടുത്താണ് സാഹസിക ടൂറിസം പരിപാടികൾ താല്ക്കാലികമായി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്.

എന്നാൽ മൊട്ടക്കുന്നുകളും പൈൻവാലിയും അടക്കമുള്ള സ്ഥലങ്ങൾ സഞ്ചാരികളെ വരവേൽക്കാൻ പൂർണമായും സജ്ജമാണന്നും ഡി.ടി.പി.സി അധികൃതർ അറിയിച്ചു. നിർമ്മാണം പൂർത്തീകരിച്ച് 10 ദിവസത്തിനുള്ളിൽ സാഹസിക വിനോദ സഞ്ചാര പരിപാടികൾ പുനരാരംഭിക്കാനാണ് ഡി.ടി.പി.സിയുടെ തീരുമാനം.