കുമളി: മാദ്ധ്യമ പ്രവർത്തകന്റെ ബൈക്കിൽ ഇടിച്ച് പരിഭ്രാന്തി പരത്തി നിറുത്താതെ പോയ കാർ മുൻ പൊലീസ് ഉദ്യേഗസ്ഥന്റേതാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രിയിൽ കുമളി ടൗണിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കുമളിയിലെ മാധ്യമ പ്രവർത്തകനായ അബ്ദുൾ സമദിന്റെ ഉൾപ്പെടെ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് പരിഭ്രാന്തി പരത്തി നിറുത്താതെ പോയ കാർ ഒന്നാം മൈൽ ചക്കുപള്ളം റോഡിൽ നിന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുമളി വണ്ടൻമേട് കവലയിൽ റോഡരികിൽ നിറുത്തി ഇട്ടിരുന്ന ഇരുചക്രവാഹനങ്ങളിൽ തേക്കടി കവലയിൽ ഭാഗത്ത് നിന്ന് എത്തിയ കെ.എൽ 7 ബി.കെ 473 രജിട്രേഷനിലുള്ള കാർ ഇടിച്ച് തെറിപ്പിച്ചശേഷം നിറുത്താതെ പോവുകയായിരുന്നു. ആളുകൾ കാറിന് പിന്നാലെ ഓടിയെങ്കിലും നിറുത്താതെ ഡ്രൈവർ മൂന്നാർ റോഡിലൂടെ അമിതവേഗതയിൽ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒട്ടകത്തലമേട് ഭാഗത്ത് കാർ കണ്ടെത്തി. എന്നാൽ വാഹനം ഓടിച്ചിരുന്നയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ വാഹനത്തിന്റെ നമ്പർ അന്വേഷിച്ചപ്പോൾ കുമളി സ്റ്റേഷനിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെയാണെന്ന് കണ്ടെത്തി. മുമ്പും മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ഇയാൾ.