മറയൂർ: മറയൂർ ചന്ദന ഗോഡൗണിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ വിംഗ് മിന്നൽ പരിശോധ നടത്തി. ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി കെ.മഹേഷ് കുമാർ, സർക്കിൾ ഇൻസ്‌പെക്ടർമാരായ സജീവ് ചെറിയാൻ, അനിൽ ജോർജ്, റ്റിപ്സൺ തോമസ് മേക്കാട് എന്നിവരുടെ നേതൃത്വത്തിൽ 15 പേരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച ഗോഡൗണിൽ പരിശോധനക്ക് എത്തിയത്.
സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള തടി ഡിപ്പോകളിലെ ലേല നടപടികളിൽ അഴിമതി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. സംസ്ഥാനത്തൊട്ടാകെ ഒരേസമയം മിന്നൽ പരിശോധന ഉണ്ടായിരുന്നെങ്കിലും ഇടുക്കി ജില്ലയിൽ മറയൂർ ചന്ദന ഡിപ്പോ മാത്രമാണ് പരിഗണിച്ചത്. ഓഫീസ് രേഖകളും തടി ചെത്തി ഒരുക്കുന്നതും ലേലത്തിനായി വച്ചിരിക്കുന്നതും സംഘം വിശദമായി പരിശോധിച്ചു. ഉദ്യോഗസ്ഥരിൽ നിന്നും ഇതിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. ലേലത്തിന് വച്ചിരിക്കുന്ന ചന്ദനത്തിന്റെ അടിസ്ഥാന വില നിർണയിക്കുന്ന മാനദണ്ഡങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്ററുടെ വിശദീകണം ആവശ്യപ്പെടാനും സംഘം തീരുമാനിച്ചതായാണ് സൂചന. കഴിഞ്ഞതവണത്തെ ലേലം മുതൽ 15 ഇനം ചന്ദനവിഭാഗങ്ങളുടെ അടിസ്ഥാനവില നിർണയരീതി പുനക്രമീകരിച്ചിരുന്നു. ഇതിനാൽ ചില ഇനങ്ങളുടെ വില കുറയുകയും മറ്റ് ചിലതിന് വില വർദ്ധിക്കുകയും ചെയ്തു. ഇക്കാര്യത്തിലാണ് കൂടുതൽ വിശദികരണം തേടാൻ തീരുമാനിച്ചത്. പരിശോധന മൂന്നു മണിക്കൂർ നീണ്ടുനിന്നു.
മറയൂർ ചന്ദനലേലം 2015 ഫെബ്രുവരി 5 മുതൽ ഇ- ലേലമായിട്ടാണ് നടന്നു വരുന്നത്. പ്രതിവർഷം 100 കോടി രൂപയുടെ ചന്ദനം മറയൂരിൽ നിന്നും വിൽക്കുന്നുണ്ട്. ഇന്ത്യയിൽ എവിടെ നിന്നും ഇ ലേലത്തിൽ പങ്കെടുക്കാവുന്ന രീതിയിലാണ് വ്യാപാരം. പതിനേഴ് ഇനങ്ങളിലായി അഞ്ചു കിലോ മുതലുള്ള ലോട്ടുകളായിട്ടാണ് ചന്ദനം ലേലത്തിൽ വയ്ക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവരെക്കുറിച്ച് പരസ്പരം അറിയുവാൻ കഴിയുകയുമില്ല. അതുകൊണ്ട് മുൻകൂട്ടിയുള്ള ധാരണ ഉണ്ടാക്കുക ഏറെ പ്രയാസവുമാണ്. പരിശോധനയിൽ ലഭിച്ച വിവരങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും ഡിവൈ.എസ്.പി.കെ.മഹേഷ് കുമാർ പറഞ്ഞു.