മറയൂർ: മൂന്നാർ- മറയൂർ റോഡിൽ ഓടികൊണ്ടിരുന്ന മാരുതി സ്വിഫ്ട് കാർ കത്തി നശിച്ചു. മറയൂരിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ലക്കം ഭാഗത്ത് വച്ചാണ് മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് ഒറ്റപ്പാറ സ്വദേശീ മുഹമ്മദ് സലിമും കുടുംബവും സഞ്ചരിച്ച കാറിന് തീ പടർന്നത്. കാറിൽ മുഹമ്മദ് സലീം, ഭാര്യ സിത്താര, മക്കളായ ഇർഫാൻ, അൽ ജാഫർ എന്നിവരാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ പോയി മടങ്ങി വരവെ വൈകിട്ട് 7.30 ന് ലക്കം ഭാഗത്ത് വച്ച് മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കാർ നിർത്തി യാത്രക്കാർ പുറത്ത് ഇറങ്ങിയ സമയത്ത് തീ ആളിപ്പടരുകയായിരുന്നു. വാഹനത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന മക്കളെ എടുത്ത് അതിവേഗം പുറത്ത് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മറയൂർ പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.