തൊടുപുഴ: നിർദ്ധന രോഗികൾക്ക് ഭക്ഷണചെലവായി ആയിരം രൂപ വീതം നൽകുന്ന 'കനിവ് ' എന്ന പദ്ധതിയുമായി ജോമോൻ ജോസഫ് (ജോക്കുട്ടൻ) ചാരിറ്റബിൾ ട്രസ്റ്റ്. 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ടൗൺപള്ളി പാരിഷ് ഹാളിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിതരണോദ്ഘാടനം നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയിൽ പാലിയേറ്റീവ് ചികിത്സയിലുള്ള രോഗികളിൽ നിന്നും ഭക്ഷണത്തിനു വകയില്ലാത്ത 700 പേരെയാണ് കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ പാലിയേറ്റീവ് പരിചരണത്തിനുള്ള 1500ൽപരം രോഗികളുണ്ട്. ഇതിൽ 700 രോഗികൾ നിത്യചെലവിനു വകയില്ലാതെ കഷ്ടപ്പെടുന്നവരാണ്. ഒരു മാസത്തെ ഭക്ഷണത്തിന് കുറഞ്ഞത് 1000 രൂപയെങ്കിലും ആവശ്യമാണ്. പി.ജെ. ജോസഫിന്റെ മകൻ ജോമോൻ ജോസഫിന് ലഭിക്കുന്ന കുടുംബ സ്വത്തിൽ നിന്നും ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളിലൂടെയുമാണ് കനിവ് പദ്ധതിയ്ക്കാവശ്യമായ തുക കണ്ടെത്തുന്നത്.