രാജാക്കാട്: പൊന്മുടി ഡാമിൽ ക്രമാതീതമായി താഴ്ന്ന ജലനിരപ്പ് ഉയർത്താനും പന്നിയാർ നിലയത്തിൽ വൈദ്യുതോത്പാദനം മുടക്കം കൂടാതെ തുടരുന്നതിനുമായി സഹായ ഡാമായ ആനയിറങ്കൽ തുറന്നു. 35ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പൊൻമുടി ജലാശയത്തിൽ 695.5 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. 51.54 മില്യൺ ക്യുബിക് മീറ്ററാണ് പരമാവധി സംഭരണ ശേഷി. പദ്ധതിയുടെ ഭാഗമായി വെള്ളത്തൂവലിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി നിലയത്തിന്റെ ഉത്പാദനശേഷി 34 മെഗവാട്ടാണ്. 17 മെഗാവാട്ടിന്റെ വീതം രണ്ട് ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന മതികെട്ടാൻ മലനിരകളിൽ ഉത്ഭവിച്ച് പെരിയാറിൽ എത്തിച്ചേരുന്ന പന്നിയാർ പുഴയിൽ 'പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ' എന്നപേരിൽ 1950 കളുടെ അവസാന പാതിയിൽ ആരംഭിച്ച പദ്ധതിയിൽ ആനയിറങ്കൽ ഡാമും കുത്തുങ്കലിലെ സ്വകാര്യ വൈദ്യുതോത്പാദന നിലയത്തിന്റെ മിനി ഡാമും ഉൾപ്പെടെ നിലവിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. വേനലിൽ പന്നിയാർ വറ്റി പൊന്മുടി മുക്കുടിൽ ഡാമുകളിൽ ജലനിരപ്പ് താഴുമ്പോൾ വെള്ളം നൽകുന്നതിനുള്ള സപ്പോർട്ട് ഡാമാണ് ആനയിറങ്കലിലേത്. കാലവർഷത്തേക്കാൾ തുലാമഴ കൂടുതലായി ലഭിക്കുന്ന പ്രദേശത്ത് നിർമ്മിച്ചിരിക്കുന്നതിനാൽ കടുത്ത വേനലിൽ പോലും ജലസമൃദ്ധമായിരിക്കും. 1207 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള ഇവിടെ 1202.2 മീറ്ററാണ് ജലനിരപ്പ്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ഡാമിന്റെ സ്ളൂയിസ് ഗെയ്‌റ്റ് രണ്ടര അടി ഉയർത്തിയാണ് വെള്ളം ഒഴുക്കിവിടാൻ ആരംഭിച്ചത്. സെക്കൻഡിൽ 12 ക്യൂമെക്‌സ് വെള്ളമാണു പുറത്തേയ്‌ക്കൊഴുകുന്നത്.
ഏഷ്യലെ ഏറ്റവും വലിയ എർത്ത് ഡാം
എല്ലാ വർഷവും വേനൽക്കാലത്ത് വെള്ളം പൂർണമായും ഒഴിക്കക്കളഞ്ഞ് വറ്റിക്കുന്ന അപൂർവം അണക്കെട്ടുകളിൽ ഒന്നായ ആനയിറങ്കൽ ഡാമിന് ഏഷ്യലെ ഏറ്റവും വലിയ എർത്ത് ഡാമുകളിൽ ഒന്ന് എന്ന ഖ്യാതിയുമുണ്ട്. 1965 ൽ നിർമ്മിച്ച ഇതിന്റെ സംഭരണ ശേഷി 49.84 മില്യൺ ക്യുബിക് മീറ്റർ ആണ്. കഴിഞ്ഞ മാർച്ചിലാണ് വൈദ്യുതോത്പാദനത്തിന്റെ ആവശ്യത്തിനായി അവസാനമായി ഡാം തുറന്നുവിട്ടത്. പ്രളയകാലത്ത് സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകൾ നിറഞ്ഞ് തുറന്ന് വിപ്പോൾ ആനയിറങ്കലിൽ ഏഴ് അടികൂടി വെള്ളം ഉയരാനുണ്ടായിരുന്നു. പിന്നീട് പ്രദേശത്ത് ശക്തമായ തുലാമഴ ലഭിക്കുകയും ഒക്ടോബർ രണ്ടാം വാരം മുതൽ നവംബർ പാതി വരെ സ്പിൽ വേയിലൂടെ കവിഞ്ഞൊഴുകുകയും ചെയ്തിരുന്നു.