ഇടുക്കി: മൂന്നാറിൽ മുതിരപ്പുഴ ആറിന്റെ തീരത്ത് നിയമം ലംഘിച്ച് പഞ്ചായത്ത് നടത്തിയ രണ്ടാമത്തെ കെട്ടിട നിർമ്മാണവും ദേവികളും സബ് കളക്ടർ സ്റ്റേ ചെയ്തു.
എൻ.ഒ.സി ഇല്ലാതെ പഞ്ചായത്തിന് വേണ്ടി പൊതുമരാമത്ത് വകുപ്പാണ് ഇത്തവണ ടാക്സി സ്റ്റാൻഡും അനുബന്ധ കെട്ടിടവും നിർമ്മിക്കുന്നത്. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണെങ്കിലും പണം മുടക്കുന്നത് പഞ്ചായത്താണ്. രണ്ട് വർഷം മുമ്പാണ് പഞ്ചായത്ത് പൊതുമാരാമത്ത് വകുപ്പിന് 20 ലക്ഷംരൂപ കൈമാറിയത്. പഞ്ചായത്ത് അനധികൃതമായി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പാണ് മുതിര പുഴയാറിന്റെ തീരത്തുതന്നെ പില്ലർ വാർത്ത് പുതിയ കെട്ടിടനിർമ്മാണം നടക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. മൂന്നാറിലെ എല്ലാ നിർമ്മാണപ്രവർത്തനങ്ങൾക്കും എൻ.ഒ.സി വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് മറികടന്നും പഞ്ചായത്തിന്റെ പെർമിറ്റ് ഇല്ലാതെയുമാണ് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് ഫണ്ട് കൈമാറിയതിന്റെ നിയമ സാധുതയെപ്പറ്റിയോ കെട്ടിട നിർമ്മാണത്തെപ്പറ്റിയോ തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.
വിവാദമടങ്ങും മുമ്പ്
നേരത്തെ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി മുന്നോട്ട് പോയതിന്റെ പേരിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങിയ പഞ്ചായത്താണ് മൂന്നാർ. ഷോപ്പിംഗ് കോംപ്ലക്സ് നിമ്മാണവുമായി ബന്ധപ്പെട്ട് എസ്.രാജേന്ദ്രൻ എം.എൽ.എ ദേവികുളം സബ് കളക്ടർ രേണു രാജിനെ പരസ്യമായി അധിക്ഷേപിച്ച സംഭവവും ഏറെ വിവാദമായിരുന്നു. പിന്നീട് സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം ഹൈക്കോടതി തടയുകയും ചെയ്തു. ഇങ്ങനെയൊരു തിക്താനുഭവം ഉണ്ടായിട്ടും വീണ്ടും അനധികൃത നിർമ്മാണവുമായി പഞ്ചായത്ത് ഇറങ്ങിത്തിരിച്ചത് ഏറെ വിചിത്രമായെന്നാണ് നാട്ടുകാരുടെ പ്രതികരണം.